മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രതലവൻമാർ രാജ്യ തലസ്ഥാനത്തെത്തി. ഭാരതവുമായി ശക്തമായി പങ്കാളിത്തം സൂക്ഷിക്കുന്ന 7 രാജ്യങ്ങളിലെ രാഷ്ട്രതലവൻമാരാണ് ചടങ്ങിൽ സംബന്ധിക്കുക. ഇന്ത്യയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ ചൈന ലക്ഷ്യം വെക്കുന്ന രാജ്യങ്ങളാണ് ഇവയെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ചടങ്ങിന് പിന്നാലെ നരേന്ദ്രമോദി രാഷ്ട്രതലവൻമാരുമായി കൂടിക്കാഴ്ച നടത്തും.
ബംഗ്ലാദേശ്- പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (കയറ്റുമതി- 11,061 മില്യൺ ഡോളർ, ഇറക്കുമതി- 1,845 മില്യൺ ഡോളർ)
ബംഗ്ലാദേശിന്റെ വിമോചനത്തിന് പ്രധാന പങ്കുവഹിച്ച രാജ്യം എന്ന നിലയിൽ ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ചരിത്രപരമായ ബന്ധം നിലവിലുണ്ട്.
2023-24 സാമ്പത്തിക വർഷം 12,906 മില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും നടത്തിയത്. യന്ത്രങ്ങളും തുണിത്തരങ്ങളുമാണ് പ്രധാനമായും ഇന്ത്യയുടെ കയറ്റുമതി. അതേസമയം വസ്ത്രങ്ങളും മത്സ്യവുമാണ് ബംഗ്ലാദേശിൽ നിന്ന് രാജ്യം ഇറക്കുമതി ചെയ്യുന്നത്. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സഹകരണവും അയൽ രാജ്യങ്ങൾ തമ്മിൽ നിലവിലുണ്ട്. ഗതാഗതം സൗകര്യം വിപുലീകരിക്കാനുള്ള നിരവധി പദ്ധതികൾ
ധാക്കയും ന്യൂഡൽഹിയും സംയുക്തമായി നടപ്പിലാക്കുന്നുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയിൽ മംഗ്ലാ തുറമുഖം ചർച്ചയാകുമെന്നാണ് സൂചന. ബംഗ്ലാദേശ് തുറമുഖം ഏറ്റെടുക്കാൻ ഇന്ത്യ നീക്കം തുടങ്ങിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു.
ശ്രീലങ്ക- പ്രസിഡൻറ് റണിൽ വിക്രമസിംഗെ (കയറ്റുമതി- 4,118 മില്യൺ ഡോളർ, ഇറക്കുമതി- 1,424 മില്യൺ ഡോളർ)
ഇന്ത്യൻ ജനതയും ശ്രീലങ്കയും തമ്മിൽ പുരാതന കാലം മുതൽ തന്നെ ബന്ധം നിലവിലുണ്ട്. 5,542 മില്യൺ ഡോളറായിരുന്നു ആയിരുന്നു 2023-24 ലെ ഉഭയകക്ഷി വ്യാപാരം. പെട്രോളിയം, ഓട്ടോമൊബൈൽ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി. സമുദ്ര സുരക്ഷ – സാമ്പത്തിക സഹകരണം എന്നിവയ്ക്കാണ് ഇരു രാജ്യങ്ങളും ഊന്നൽ നൽകുന്നത്.
നേപ്പാൾ- പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ (കയറ്റുമതി- 7,041 മില്യൺ ഡോളർ, ഇറക്കുമതി- 830 മില്യൺ ഡോളർ)
തുറന്ന അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും നേപ്പാളും. 2023-24 ൽ, ഉഭയകക്ഷി വ്യാപാരം 7,871 മില്യൺ ഡോളറിന്റേതായിരുന്നു ആയിരുന്നു. പെട്രോളിയം ഉൽപന്നങ്ങളും യന്ത്രസാമഗ്രികളുമാണ് ഇന്ത്യയുടെ കയറ്റുമതി. ഇരു രാജ്യങ്ങളും തമ്മിൽ ടൂറിസം വ്യവസായം മേഖലയിൽ സഹകരണം നിലവിലുണ്ട്.
മാലദ്വീപ്- പ്രസിഡൻറ് മുഹമ്മദ് മുയിസു (കയറ്റുമതി- 892 മില്യൺ ഡോളർ, ഇറക്കുമതി -87 മില്യണ ഡോളർ)
വർഷങ്ങളായി അടുത്ത ബന്ധം പുലർത്തിയിരുന്നു രാജ്യങ്ങളാണ് ഇന്ത്യയും മാലദ്വീപും. 1988-ൽ ആഭ്യന്തര അട്ടിമറി മാലദ്വീപ് തടഞ്ഞത് ഇന്ത്യയുടെ സഹായത്തൊടെയായിരുന്നു. മുഹമ്മദ് മുയിസു പ്രസിഡന്റെ് ആകുന്നത് വരെ ബന്ധം അതുപോലെ തുടർന്നു. ചൈനയുടെ ഇടപെടലാണ് പിന്നീട് ബന്ധം വഷളാകാൻ ഇടയായത്. ഇന്ത്യ ശക്തമായി പ്രതിരോധിച്ചതോടെ മാലദ്വീപ് മുട്ടുമടക്കുകയായിരുന്നു. വീണ്ടും ഇന്ത്യയോട് അടുക്കാനുള്ള ശ്രമങ്ങളിലാണ് മുയിസു ഭരണകൂടം. 2023-24 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 979 മില്യൺ ഡോളറായിരുന്നു. നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
സീഷെൽസ്- വൈസ് പ്രസിഡൻ്റ് അഹമ്മദ് ആഫീഫ് (കയറ്റുമതി- 76 മില്യൺ ഡോളർ, ഇറക്കുമതി- 9 മില്യൺ ഡോളർ)
മഡഗാസ്കറിന് വടക്ക് സ്ഥിതി ചെയ്യുന്ന സീഷെൽസുമായി ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ ബന്ധം നിലവിലുണ്ട്. സമുദ്ര സുരക്ഷയിലും പരിസ്ഥിതി വിഷയങ്ങളിലും ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കുന്നുണ്ട് . 2023-24 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 85 മില്യൺ ആയിരുന്നു. പൈതൃക സംരക്ഷണ പദ്ധതികളിൽ സീഷെൽസും ഇന്ത്യയും സഹകരണം നിലവിലുണ്ട്.
ഭൂട്ടാൻ- കിംഗ് ജിഗ്മെ ഖേസർ നാംഗ്യേൽ വാഞ്ചുക്ക് (കയറ്റുമതി- 964 മില്യൺ ഡോളർ, ഇറക്കുമതി- 339 മില്യൺ ഡോളർ)
ഇന്ത്യയുടെ സാമ്പത്തിക- സാംസ്കാരിക പങ്കാളിയാണ് ഭൂട്ടാൻ. 2023-24 ൽ, ഉഭയകക്ഷി വ്യാപാരം 1.3 ബില്യൺ ഡോളറായിരുന്നു, ഭൂട്ടാന്റെ ജലവൈദ്യുത മേഖലയിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്. പുതിയ വ്യാപാര കരാറുകളിലൂടെ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇരു രാജ്യങ്ങളും.
മൗറീഷ്യസ്- പ്രസിഡൻ്റ് പൃഥ്വിരാജ്സിംഗ് രൂപൻ (കയറ്റുമതി- 778 മില്യൺ ഡോളർ, ഇറക്കുമതി – 74 മില്യൺ ഡോളർ)
ഇന്ത്യയും മൗറീഷ്യസും തമ്മിൽ ശക്തമായ സാംസ്കാരിക- സാമ്പത്തിക ബന്ധമുണ്ട്. 2023-24 ലെ ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 852 മില്യൺ ഡോളറായിരുന്നു, തുണിത്തരങ്ങളും പഞ്ചസാരയുമാണ് മൗറീഷ്യസിന്റെ പ്രധാന കയറ്റുമതി വിഭവം. മൗറിഷ്യസിന്റെ വികസനത്തിൽ പ്രധാന പങ്കാണ് ഇന്ത്യൻ പ്രവാസികൾ വഹിച്ചത്. സുപ്രധാന സ്ഥാനങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യവുമുണ്ട്. ഡിജിറ്റൽ ടെക്നോളജി, ബ്ലൂ ഇക്കോണമി തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്..