ഉത്തര മുംബൈയിൽ നിന്നും അങ്കം ജയിച്ചു പാർലിമെന്റിലെത്തിയ ധനകാര്യ വിദഗ്ധൻ പീയുഷ് ഗോയൽ മൂന്നാം മോഡി മന്ത്രിസഭയിൽ ഇടം നേടി. ചാർട്ടേഡ് അക്കൗണ്ടൻ്റായി കരിയർ ആരംഭിച്ച അദ്ദേഹം , 2001 മുതൽ 2003 വരെ മൂന്നാം വാജ്‌പേയി മന്ത്രിസഭയിൽ ഷിപ്പിംഗ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച വേദപ്രകാശ് ഗോയലിന്റെയും മാട്ടുംഗയിൽ നിന്ന് മൂന്ന് തവണ ബിജെപി എംഎൽഎയായ ചന്ദ്രകാന്ത ഗോയലിന്റെയും മകനാണ്.മാട്ടുംഗയിലെ ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത് . മുംബൈ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയിട്ടുണ്ട് .

മൂന്ന് ദശാബ്ദക്കാലത്തെ രാഷ്‌ട്രീയ ജീവിതത്തിൽ ഗോയൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലോ മത്സരിച്ചിട്ടില്ല. 2010-ൽ രാജ്യസഭയി എംപിയായി ബിജെപി ആദ്യമായി അദ്ദേഹത്തെ നിയോഗിച്ചു. രാജ്യസഭയിലെ ആറ് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം, 2016ലും 2022ലും ഗോയൽ ഉപരിസഭയിലേക്ക് നിയമിതനായി.
2014 മുതൽ 2024 വരെയുള്ള ദശാബ്ദത്തിൽ, ചാർട്ടേഡ് അക്കൗണ്ടൻ്റും നിയമ ബിരുദധാരിയുമായ ഗോയൽ നിരവധി പോർട്ട്‌ഫോളിയോകൾ കൈകാര്യം ചെയ്തിട്ടുണ്ട്- പവർ, കൽക്കരി, ന്യൂ & റിന്യൂവബിൾ എനർജി (2014-17); ഖനി മന്ത്രി (2016-17); ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി (2018-19); റെയിൽവേ മന്ത്രി (2017-2021); വാണിജ്യവും വ്യവസായവും (2019 മുതൽ); ടെക്സ്റ്റൈൽ (2021 മുതൽ), ഉപഭോക്തൃ കാര്യങ്ങൾ, ഭക്ഷണം, പൊതുവിതരണം (2020 മുതൽ) ഇവയൊക്കെ പീയുഷ് ഗോയൽ കഴിവ് തെളിയിച്ച മന്ത്രാലയങ്ങളാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിൽ, പാർട്ടിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്ന മുംബൈ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പീയൂഷ് ഗോയലിനെ ബിജെപി പ്രഖ്യാപിച്ചപ്പോൾ ഏതാണ്ട് നാല് വർഷത്തെ രാജ്യസഭാ കാലാവധി അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റിന്റെ പത്തുവർഷത്തെ നേട്ടങ്ങളായി കാണിക്കുന്ന നിരവധി പ്രധാന നയങ്ങൾ ഗോയൽ കൈകാര്യം ചെയ്ത വകുപ്പുകളിലൂടെയാണ് വന്നത്. ഭക്ഷ്യ-പൊതുവിതരണത്തിന് കീഴിൽ കഴിഞ്ഞ രണ്ട് വർഷമായി നടപ്പാക്കിയ 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകാനുള്ള തീരുമാനവും ഇതിൽ ഉൾപ്പെടുന്നു.
വൈദ്യുതിയില്ലാതെ വലയുന്ന 18,000 ഗ്രാമങ്ങളുടെ വൈദ്യുതീകരണം ഉൾപ്പെടെയുള്ള, സൗരോർജ്ജത്തിലേക്കുള്ള മുന്നേറ്റവും മാറ്റവും ഗോയലിന്റെ നേതൃത്വത്തിലുള്ള വകുപ്പിലൂടെ ആണ് നടപ്പാക്കിയത് . റെയിൽവേ മന്ത്രിയായിരിക്കെ അദ്ദേഹം സീറോ അപകട പദ്ധതി (zero accident plan ) അവതരിപ്പിച്ചു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ കാമ്പയിൻ കമ്മിറ്റിയുടെ ചുമതലയാണ് ഗോയലിന് ലഭിച്ചത്. ബിജെപിയുടെ ദേശീയ ട്രഷറർ ആയി പ്രവർത്തിച്ച ഗോയൽ, നദികൾ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു.

ഉന്നത നേതാവായിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ബഹുജന നേതാവായി മാറുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഏറ്റവും സുരക്ഷിതമായ സീറ്റ് നൽകി അദ്ദേഹത്തെ ഉത്തര മുംബൈയിലേക്ക് അയച്ചത്. മുതിർന്ന ബിജെപി നേതാവ് ഗോപാൽ ഷെട്ടി 2014ലും 2019ലും മുംബൈ നോർത്തിൽ നിന്ന് വിജയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ നടി ഊർമിള മണ്ടോദ്കറെയാണ് ഷെട്ടി പരാജയപ്പെടുത്തിയത്.ഇക്കുറി അവിടെ നിന്നും ഏതാണ്ട് മൂന്നര ലക്ഷം വോട്ടുകൾക്കാണ് പീയുഷ് ഗോയൽ വിജയിച്ചത്















