ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിനായി ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ വിശിഷ്ട അതിഥിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.
ഭാരത രത്ന ജേതാവും മൂന്ന് ദശാബ്ദത്തിലധികം ഭാരതീയ ജനതാ പാർട്ടിയുടെ സജീവ നേതാവുമായിരുന്ന എൽ കെ അദ്വാനിക്കുള്ള ആദര സൂചകമായിട്ടായിരുന്നു സന്ദർശനം. ഡൽഹിയിലെ വസതിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി എൽ കെ അദ്വാനിയുമായും മകൾ പ്രതിഭാ അദ്വാനിയുമായും കൂടിക്കാഴ്ച നടത്തി.
ബിജെപിയുടെ തല മുതിർന്ന നേതാക്കളിൽ ഒരാളായ അദ്വാനി വാജ്‌പേയി സർക്കാരിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി, ഉപ പ്രധാനമന്ത്രി തുടങ്ങിയ നിർണായക പദവികൾ വഹിച്ചിരുന്നു. 1980 മുതൽ നീണ്ട കാലം ഭാരതീയ ജനതാ പാർട്ടിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിരുന്നു.