അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ(യുഎഫ്‌സി) വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പൂജ തോമർ. ഇന്ന് നടന്ന ലൂയിസ്വില്ലെ ചാമ്പ്യൻഷിപ്പിലാണ് സ്‌ട്രോവെയ്റ്റ് വിഭാഗത്തിൽ പൂജ ബ്രസീലിയൻ താരമായ റയാനെ ഡോസ് സാന്റോസിനെ തോൽപ്പിച്ചത്. സ്‌കോർ 30-27,27-30, 29-28. കഴിഞ്ഞ വർഷമാണ് പൂജയ്‌ക്ക് യുഎഫ്‌സി കരാർ ലഭിക്കുന്നത്. വാശിയേറിയ പോരാട്ടത്തിനാണ് ബോക്‌സിംഗ് റിംഗ് സാക്ഷ്യം വഹിച്ചത്. ആദ്യ റൗണ്ടിൽ ബോഡി കിക്കിലൂടെയാണ് പൂജ മുന്നിട്ടുനിന്നെങ്കിലും രണ്ടാം റൗണ്ടിൽ എതിരാളി മത്സരത്തിൽ സജീവമായി. മൂന്നാം റൗണ്ടിൽ പുഷ് കിക്കിലൂടെയാണ് പൂജ ഗുസ്തിയിൽ ചരിത്രവിജയം സ്വന്തമാക്കിയത്.
ഇന്ത്യൻ ഫൈറ്റർമാർക്കും എംഎംഎ ആരാധകർക്കും വേണ്ടി വിജയം സമർപ്പിക്കുന്നുവെന്ന് പൂജ തോമർ പറഞ്ഞു.യുഎഫ്‌സി മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് വിജയിക്കാനാവില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇന്ത്യൻ ഫൈറ്റർമാർ പരാജിതരല്ലെന്ന് തെളിയിക്കുന്നതാണ് ഈ വിജയം. ഞങ്ങൾ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ഒരു ഇന്ത്യൻ താരം യുഎഫ്‌സി ചാമ്പ്യനാകുമെന്നും അവർ കൂട്ടിച്ചേർത്തു. റിംഗിൽ നിന്ന് ദേശീയ പതാകയുമായി നടന്നകലുമ്പോൾ എന്റെ ഉള്ളിൽ അഭിമാനമാണ്. വരും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകുമെന്നാണ് കരുതുന്നതെന്നും പൂജ പറഞ്ഞു.
ഭരത് കാണ്ടാരം, അൻഷുൽ ജുബ്ലി എന്നിവരാണ് യുഎഫ്‌സിയിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. എന്നാൽ ഇരുവരും അരങ്ങേറ്റ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.