തിരുവനന്തപുരം: കേരളത്തിൽ വികസനങ്ങൾ കൊണ്ടുവരുന്നതിനായാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. കേരളത്തോടും മലയാളികളോടുമുള്ള പ്രതിബദ്ധതയാണ് നരേന്ദ്രമോദി പ്രകടിപ്പിക്കുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിൽ നിന്ന് ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായേക്കുമെന്ന വാർത്തകൾ എത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
” കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് കേരളത്തിൽ നിന്ന് ജോർജ് കുര്യനെയും പരിഗണിക്കുന്നുണ്ടെന്നാണ് നമുക്ക് അറിയാൻ സാധിച്ചത്. കേരളത്തോടും മലയാളികളോടുമുള്ള നരേന്ദ്രമോദിയുടെ സ്‌നേഹവും പ്രതിബദ്ധതയുമാണ് ഒരുപോലെ പ്രകടമാകുന്നത്. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇനിയും ഒരുപാട് മാറ്റങ്ങൾ വരേണ്ടതുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ദേശീയ പാതയുടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിനായി 3,000 കോടി രൂപ ചെലവഴിച്ച് റെയിൽവേ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഇതെല്ലാം കേരളത്തെ അദ്ദേഹം പ്രത്യേകമായി പരിഗണിക്കുന്നതുകൊണ്ടാണ്. വരും നാളുകളിൽ കേരളത്തെ മാറ്റിമറിക്കുന്ന വികസനപ്രവർത്തനങ്ങളാണ് നടക്കുക.”- പി കെ കൃഷ്ണ ദാസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കേരളത്തിൽ നിന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകുമെന്ന വാർത്തകൾ വന്നത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായും ജോർജ് കുര്യൻ പ്രവർത്തിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുരേഷ് ഗോപി കുടുംബ സമ്മേതം ഡൽഹിയിലേക്ക് യാത്ര തിരിച്ചിരുന്നു.