മോദി സർക്കാർ 3.0യിൽ ഇടം പിടിച്ച് അപ്‌നാ ദൾ (സോണിലാൽ) അദ്ധ്യക്ഷ അനുപ്രിയ പട്ടേൽ. യുപിയിലെ മിർസാപൂരിൽ നിന്ന് ഹാട്രിക്ക് വിജയം നേടിയ അനുപ്രിയ 2016- മുതൽ നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമാണ്. എൻഡിഎയുടെ യുപിയെ പ്രധാന സഖ്യകക്ഷിയാണ് അപ്‌നാ ദൾ (സോണിലാൽ) വിഭാഗം.
2014 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് ഇതേ മണ്ഡലത്തിൽ നിന്നും ലോക്സഭയിൽ എത്തുന്നത്. 2016 മുതൽ 2019 വരെ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായും പിന്നീട് വാണിജ്യ വ്യവസായ സഹമന്ത്രിയായും പ്രവർത്തിച്ചു.ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അനുപ്രിയ.

അപ്നാ ദൾ പാർട്ടിയുടെ സ്ഥാപകരിലൊരാളായ സോണി ലാൽ പട്ടേലിന്റെ മകളായി 1981 നാണ് അനുപ്രിയ ജനിച്ചത്. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് മനഃശാസ്ത്ര ബിരുദധാരവും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.
കോളേജ് അദ്ധ്യാപികയായി ജോലി നോക്കിയിരുന്ന അനുപ്രിയ 2009 ൽ പിതാവിന്റെ മരണശേഷം പാർട്ടി പ്രസിഡൻ്റായി. തുടർന്ന് 2012-ൽ വാരണാസിയിലെ രോഹാനിയ മണ്ഡലത്തിലെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. യുപി സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ആശിഷ് പട്ടേലാണ് ഭർത്താവ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 1105405 വോട്ടുകളിൽ 471631 വോട്ടുകൾ നേടിയാണ് അനുപ്രിയ പട്ടേൽ വിജയിച്ചത്. സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാർത്ഥി രമേഷ് ചന്ദ് ബിന്ദാണ എതിർ സ്ഥാനാർത്ഥി.















