ഭുവനേശ്വർ: ഒഡിഷയിൽ 24 വർഷത്തെ ഭരണത്തിനൊടുവിൽ ബിജെഡി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ രാഷ്‌ട്രീയം അവസാനിപ്പിച്ച് വി.കെ പാണ്ഡ്യൻ. നവീൻ പട്നായിക്കിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയും പ്രധാന ഉപദേശകനുമായിരുന്നു പാണ്ഡ്യൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി വിജയം നേടിയത് പട്നായിക്കിന്റെ പടിയിറക്കത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയം വിടുകയാണെന്ന് പാണ്ഡ്യൻ പ്രഖ്യാപിച്ചത്.
“നവീൻ ബാബുവിനെ സഹായിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിച്ച ഒരേയൊരു കാര്യം. എന്നാലിപ്പോൾ, സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന ബോധപൂർവമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇവിടെ വരെയുള്ള യാത്രയ്‌ക്കിടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ. തനിക്കെതിരെ ഉയർന്ന ഏതെങ്കിലും വ്യാഖ്യാനങ്ങൾ ബിജെഡിയുടെ കനത്ത പരാജയത്തിന് കാരണമായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇനിയങ്ങോട്ടും ഒഡിഷ ഹൃദയത്തിൽ തന്നെയുണ്ടാകും. എന്റെ ഓരോ ശ്വാസത്തിലും ഗുരു നവീൻ ബാബുവുണ്ടാകും.” പാണ്ഡ്യൻ പറഞ്ഞു.
രണ്ട് ദശാബ്ദത്തിലധികം കാലം ഒഡിഷയെ അടക്കിവാണിരുന്ന ബിജെഡി ഇത്തവണ 147 സീറ്റുള്ള നിയമസഭയിൽ വെറും 51 മാത്രമായി ഒതുങ്ങിയിരുന്നു. ഇനിയും ബിജെഡി അധികാരത്തിൽ തുടർന്നാൽ പാണ്ഡ്യനായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയെന്ന്, നവീൻ പട്നായിക്കിന്റെ ആരോഗ്യനില വഷളായത് ചൂണ്ടിക്കാട്ടി ബിജെപി സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ പാണ്ഡ്യൻ തന്റെ പിന്തുടർച്ചക്കാരനാകില്ലെന്ന വാദമാണ് നവീൻ പട്നായിക് അറിയിച്ചത്. ഒടുവിൽ ജനവിധി വന്നപ്പോൾ ബിജെപിക്ക് അനുകൂലമായിരുന്നു ഫലം.
ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ രണ്ട് ദശാബ്ദത്തോളം നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. 2023ൽ സർവ്വീസിൽ നിന്ന് വിരമിച്ച് ബിജെഡിയിൽ അംഗത്വമെടുക്കുകയും ചെയ്തു. ഇതോടെയാണ് പട്‌നായിക്കിന് ശേഷം പാണ്ഡ്യൻ ബിജെഡിയെ നയിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ നിറഞ്ഞത്.