കൊച്ചി/ തൃശ്ശൂർ; ഡൽഹിയിൽ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കുകയാണ് തൃശൂർ. തൃശൂരിന്റെ സ്വന്തം എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനുളള ആവേശത്തിലാണ് മണ്ഡലത്തിലെ വോട്ടർമാർ.
പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെയും എൻഡിഎ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആഹ്ലാദ പ്രകടനങ്ങളും മധുരവിതരണവും ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ അടക്കമുളളവർ ഉച്ചയോടെ തന്നെ നൃത്തച്ചുവടുകളുമായി തെരുവിലേക്ക് ആഹ്ലാദ പ്രകടനത്തിന് ഇറങ്ങിക്കഴിഞ്ഞു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉൾപ്പെടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. ഫലമറിഞ്ഞ ശേഷം തൃശൂരിൽ ഉയർന്ന അതേ ആവേശമാണ് സത്യപ്രതിജ്ഞാ മുഹൂർത്തത്തിലും കാണാനാകുന്നത്.
സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബിജെപി നേതാവ് ജോർജ്ജ് കുര്യന്റെ മന്ത്രിസ്ഥാനം കേരളത്തിന് മോദിയുടെ അപ്രതീക്ഷിത സമ്മാനമാണ്. കുടുംബാംഗങ്ങളും അത്ഭുതത്തോടെയാണ് വാർത്ത കേട്ടത്.
കേരളത്തിലെ മറ്റ് നേതാക്കൾക്കൊപ്പം ഇന്നലെ സാധാരണ പോലെ ഡൽഹിയിലേക്ക് പോയതായിരുന്നു ജോർജ്ജ് കുര്യൻ. കേന്ദ്രമന്ത്രിസഭയിലെത്താനുളള സാദ്ധ്യതയെക്കുറിച്ച് യാതൊരു സൂചനയും അദ്ദേഹം നൽകിയിരുന്നില്ല. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഇത് സംബന്ധിച്ച സൂചനകൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.
മാദ്ധ്യമപ്രവർത്തകർ അറിയിച്ചതോടെ കോട്ടയം കടുത്തുരുത്തിക്ക് സമീപം കാണക്കാരി നമ്പ്യാർകുളത്തെ ജോർജ്ജ് കുര്യന്റെ വീട്ടിലും നാട്ടിലും ആഘോഷങ്ങൾക്ക് തുടക്കമായി. പ്രദേശത്തെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ വീട്ടിലെത്തി. ഡൽഹിയിലെത്തിയ ശേഷം വിളിച്ചുവെങ്കിലും കേന്ദ്രമന്ത്രി സ്ഥാനത്തെക്കുറിച്ച് സൂചനകളൊന്നും നൽകിയില്ലെന്ന് ഭാര്യ അന്നമ്മയും സഹോദരനും പറഞ്ഞു.















