”ഒരിക്കൽ കൂടി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്കൊപ്പം അദ്ദേഹം അവിടെ പ്രവർത്തിക്കും..” ഏപ്രിൽ 26ന് മദ്ധ്യപ്രദേശിലെ ഹർദയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ശിവരാജ് സിംഗ് ചൗഹാനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.. ഇന്നിതാ നരേന്ദ്രമോദിയുടെ മൂന്നാം ടേമിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് ചൗഹാൻ.
20 വർഷങ്ങൾക്ക് ശേഷം വിദിശയിൽ നിന്ന് ജനവിധി തേടി റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയം നേടിയാണ് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി പാർലമെന്റിലേക്ക് എത്തിയിരിക്കുന്നത്. ഇതിന് മുൻപ് അഞ്ച് തവണ ചൗഹാനെ പാർലമെന്റിലേക്ക് അയച്ച വിദിശ ഇത്തവണ 8,21,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സമ്മാനിച്ചത്. 76.7 ശതമാനം വോട്ടുകളും ബിജെപിയുടെ പെട്ടിയിലാക്കാൻ മുൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ രാഷ്‌ട്രീയ നേതാവുമായ ചൗഹാൻ മദ്ധ്യപ്രദേശിന്റെ സ്വന്തം ‘മാമാജി’ എന്നാണ് അറിയപ്പെട്ടിരുന്നത്.
പാവപ്പെട്ടവർക്ക് ഒരു രൂപയ്‌ക്ക് അരി, സ്ത്രീകൾക്ക് പ്രസവത്തിന് സഹായമാകാൻ സാംബൽ പദ്ധതി, ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ലാഡ്‌ലി ലക്ഷ്മി യോജന എന്നീ ക്ഷേമ പദ്ധതികൾ ചൗഹാന്റെ ജനപ്രീതി ഉയർത്താനും വയോധികർക്കിടയിലും സ്ത്രീകൾക്കിടയിലും ശക്തമായ സ്വാധീനം ചെലുത്താനും കാരണമായിരുന്നു.
മദ്ധ്യപ്രദേശിലെ സേഹോറിൽ 1959ലാണ് ചൗഹാന്റെ ജനനം. കിരാർ കുടുംബത്തിൽ ജനിച്ചുവളർന്ന അദ്ദേഹം ഭോപ്പാലിലെ ബർകതുള്ള സർവകലാശലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും സ്വർണ മെഡലും നേടി. രാഷ്‌ട്രീയം മാറ്റിനിർത്തിയാൽ സമ്പൂർണ കർഷകനാണ് ചൗഹാൻ.
അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ ഭോപ്പാലിലെ ജയിലിൽ കിടന്ന പ്രക്ഷോഭകരിൽ ചൗഹാനുമുണ്ട്. 1990ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി മത്സര രംഗത്തേക്കിറങ്ങുന്നത്. അന്ന് ബുധ്‌നിയിൽ നിന്ന് എംഎൽഎയായി ജയിച്ച ചൗഹാൻ പിന്നീട് നിരവധി തവണ ജയം സ്വന്തമാക്കി. 2005ലാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. 13-ാം വയസിൽ ആർഎസ്എസിൽ ചേർന്നത് മുതൽ ആരംഭിച്ച ചൗഹാന്റെ ജൈത്രയാത്ര ഇന്ന് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ എത്തിനിൽക്കുകയാണ്.