ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ലോക്സഭാ മണ്ഡലത്തിലെ എംപി കിഞ്ഞരാപ്പൂ രാംമോഹൻ നായിഡു ഇത്തവണത്തെ മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാണ്. 2014 മുതലുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ മൂന്നാം വിജയത്തോടെയാണ് 36 കാരനായ രാംമോഹൻ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്. മെയ് 13 ന് നടന്ന തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ തിലക് പേരദയെ 3.2 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാംമോഹൻ തോൽപ്പിച്ചത്.
ആന്ധ്രാപ്രദേശുകാരുടെ യേരണ്ണയെന്ന യേരൻ നായിഡുവിന്റെ മകനാണ് രാംമോഹൻ നായിഡു. നാലുതവണ പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അച്ഛന്റെ മരണശേഷം 2012 ലാണ് രാംമോഹൻ രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്നത്. ടിഡിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. അച്ഛനെ പോലെ മകനും ചുരുങ്ങിയ കാലം കൊണ്ട് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബുനായിഡുവിന്റെ വിശ്വസ്തനായി മാറി. 26 ആം വയസ്സിൽ ശ്രീകാകുളത്തുനിന്ന് മത്സരിച്ച് ലോക്സഭയിലെത്തി. പതിനാറാം ലോക്സഭയിൽ കൃഷി, മൃഗസംരക്ഷണം, റെയിൽവേ, ടൂറിസം, സാംസ്കാരികം, പിന്നാക്ക വിഭാഗ ക്ഷേമം എന്നീ വകുപ്പുകളുടെ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
എംപി എന്നനിലയിൽ 2020 ൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള സൻസദ് രത്ന അവാർഡ് രാംമോഹന് ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് 2021 ലെ ബജറ്റ് സെഷനുകളിൽ നിന്നും പിതൃത്വ അവധിയെടുക്കാനുള്ള അദ്ദേത്തിന്റെ തീരുമാനം ലിംഗസമത്വത്തെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ആരോഗ്യപരമായ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പാർലമെന്റിൽ ആർത്തവ ആരോഗ്യത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ആദ്യ എംപിമാരിൽ ഒരാളാണ് അദ്ദേഹം. മാത്രമല്ല സാനിറ്ററി നാപ്കിനുകളുടെ ജെഎസ്ടി ഒഴിവാക്കുന്നതിനായി സജീവമായ പ്രവർത്തനം നടത്തിയിരുന്നു.
രാഷ്‌ട്രീയത്തിലെ യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഇന്റേൺഷിപ്പ് പ്രോഗ്രാമുകളടക്കം അദ്ദേഹം സംഘടിപ്പിച്ചിരുന്നു. സ്പീക്കറും യുവ എംപിമാരുമായുള്ള കൂടിക്കാഴ്ചകൾക്കും അവർക്കുള്ള പരിശീലനക്ലാസ്സുകളുമൊക്കെ രാംമോഹന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. പാർലമെന്റിലടക്കം സ്ത്രീകളുടെ അവകാശത്തിനും ശാക്തീകരണത്തിനും വേണ്ടി വാദിച്ച് കയ്യടി നേടിയ നേതാവാണ് രാംമോഹൻ. 1996 ൽ അന്നത്തെ കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായിരുന്നു പിതാവ് യേരൻ നായിഡുവെങ്കിൽ ഇത്തവണ ആ അവസരം മകൻ രാംമോഹൻ നായിഡുവിന് വന്നുചേർന്നിരിക്കുകയാണ്.















