ന്യൂഡൽഹി: മോദിയുടെ ദൂതൻ, സംഘർഷഭരിതമായ വിദേശരാജ്യങ്ങളിൽ പോലും ഭാരതത്തിന്റെ നയതന്ത്രം കൃത്യമായി നടപ്പാക്കുന്ന സാമർത്ഥ്യം. വിദേശമാദ്ധ്യമങ്ങളുടെ മുന്നിൽ രാജ്യതാൽപര്യം അടിവരയിടുന്ന കുറിക്കുകൊളളുന്ന മറുപടികൾ. മൂന്നാം മോദി മന്ത്രിസഭയുടെ ഭാഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത സുബ്രമണ്യം ജയശങ്കർ എന്ന എസ് ജയശങ്കറിനെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട മന്ത്രിയാക്കിയതിന് പിന്നിൽ ഈ കാരണങ്ങളാണ്.
സുഷമ സ്വരാജിന് ശേഷം വിദേശകാര്യങ്ങളിൽ ഏറെ ശ്രദ്ധ നേടിയ പ്രവർത്തനം കാഴ്ചവെച്ച മന്ത്രിയാണ് എസ് ജയ്ശങ്കർ. അതുകൊണ്ടു തന്നെ മോദി സർക്കാരിന്റെ മൂന്നാമൂഴം ഉറപ്പിച്ചതോടെ ജയ്ശങ്കറിന്റെ രണ്ടാം അവസരവും രാഷ്‌ട്രീയ നിരീക്ഷകർ കണക്കുകൂട്ടിയിരുന്നു. പ്രത്യേകിച്ച് രാഷ്‌ട്രീയ പശ്ചാത്തലങ്ങൾ ഒന്നുമില്ലാതെ അനുഭവ സമ്പത്ത് ഒന്നുകൊണ്ട് മാത്രം രണ്ടാം മോദി മന്ത്രിസഭയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് ജയശങ്കർ.
വ്യക്തമായൊരു വിദേശ നയം രൂപപ്പെടുത്തുന്നതിലും ഇന്ത്യയെ രാജ്യാന്തര ശക്തിയായി പ്രതിഷ്ഠിക്കുന്നതിലും മോദിയെ ലോക നേതാവായി അവതരിപ്പിക്കുന്നതിലും ഈ നയതന്ത്രജ്ഞന്റെ നൈപുണ്യത്തിന് വലിയ പങ്കുണ്ട്. മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കർ 2019 മെയ് 30 നാണ് വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നട്വർ സിംഗിന് ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി നിയമിതനായ രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറിയാണ് ജയശങ്കർ.
1977-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ (IFS) ചേർന്നതോടെയാണ് എസ്. ജയശങ്കറിന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. ഈ കാലയളവിൽ, മോസ്കോ, ടോക്കിയോ, വാഷിംഗ്ടൺ ഡിസി തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ അദ്ദേഹം വിവിധ സ്ഥാനങ്ങൾ വഹിച്ചു. 2001-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ചെക്ക് റിപ്പബ്ലിക്കിലായിരുന്നു അംബാസഡറായി അദ്ദേഹം ആദ്യമായി നിയമിക്കപ്പെടുന്നത്.
ചൈനയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഇന്ത്യൻ അംബാസഡറാണ് ജയശങ്കർ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. സിംഗപ്പൂരിലെ ഹൈക്കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കൂടാതെ ഇന്ത്യ-യുഎസ് സിവിലിയൻ ആണവ കരാർ യാഥാർഥ്യമാക്കുന്നതിലും ജയശങ്കർ വഹിച്ച പങ്ക് വളരെ വലുതാണ്.
യുക്രൈൻ-റഷ്യ സംഘർഷം, പലസ്തീൻ-ഇസ്രായേൽ യുദ്ധം, കോവിഡ് എന്നിങ്ങനെ ഒന്നിലധികം ആഗോള പ്രതിസന്ധികൾ നേരിട്ട അഞ്ചുവർഷക്കാലമാണ് ജയശങ്കർ വിദേശകര്യമന്ത്രിയായി പ്രവർത്തിച്ചത്. ചൈനയുമായുള്ള ഡോക്ക് ലാം സംഘർഷം പരിഹരിക്കുന്നതിലും ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി വൻ വിജയമാക്കി തീർക്കുന്നതിലുമെല്ലാം അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. ആഗോള സംഘർഷങ്ങൾക്കിടയിൽ ലോകത്തെവിടെയുമുള്ള ഭാരതീയരെ സുരക്ഷിമായി ഇന്ത്യയിലെത്തിക്കാൻ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള വിദേശകാര്യ മന്ത്രാലയം സർവ സജ്ജമായിരുന്നു. പരസ്പരം വിരുദ്ധ ചേരികളിൽ നിൽക്കുന്ന രാഷ്‌ട്രങ്ങളുമായിപ്പോലും സൗഹൃദപരമായ ബന്ധം നില നിർത്താൻ പാകത്തിനുള്ള അദ്ദേഹത്തിന്റെ നയതന്ത്ര മികവ് പ്രശംസ പിടിച്ചുപറ്റി.
ജയശങ്കർ സ്വീകരിച്ച നിലപാടുകൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. ശത്രുരാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്ക് സീമകൾ നിർണയിക്കുന്നതിലും അടിച്ചമർത്തലുകൾക്ക് വ്യക്തമായ മറുപടി നൽകുന്നതിലും മോദിയുടെ തെരഞ്ഞെടുപ്പ് തെറ്റിയില്ല എന്നുതെളിയിക്കുന്ന വിധമായിരുന്നു വിദേശകാര്യമന്ത്രിയായുള്ള ജയശങ്കറിന്റെ അഞ്ചുവർഷത്തെ പ്രവർത്തനം.