കേന്ദ്രമന്ത്രിസഭയിൽ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് ഗംഗപുരം കിഷൻ റെഡ്ഡിയെന്ന കരുത്തനായ ബിജെപി നേതാവ്. മുൻ മന്ത്രിസഭയിൽ ടൂറിസം, സാംസ്കാരിക വകുപ്പുകളും വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന്റെ ചുമതലയുമാണ് കിഷൻ റെഡ്ഡി നിർവഹിച്ചിരുന്നത്.
വിനയത്തിന്റെയും എളിമയുടെയും മറ്റൊരു പേര് കൂടിയാണ് റെഡ്ഡി. ഗംഗപുരം കിഷൻ റെഡ്ഡി തെലങ്കാനയിൽ പലയിടത്തും അറിയപ്പെടുന്നത് ജനങ്ങളുടെ കിഷൻ അണ്ണയെന്നാണ്. 1964 ജൂൺ 15ന് അന്ന് ആന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്ന രംഗറെഡ്ഡി ജില്ലയിലെ തിമ്മപൂർ ഗ്രാമത്തിൽ ഇടത്തരം കർഷക കുടുംബത്തിലായിരുന്നു റെഡ്ഡി ജനിച്ചത്. സിഐടിഡിയിൽ നിന്നും ടൂൾ ഡിസൈനിൽ ഡിപ്ലോമ കരസ്ഥമാക്കിയ റെഡ്ഡി 1977 മുതൽ ജനതാ പാർട്ടിയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 1980ൽ ബിജെപി രൂപീകൃതമായതോടെയാണ് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി മാറിയത്.
1982 മുതൽ 83 വരെ ആന്ധ്രയിൽ യുവമോർച്ച സംസ്ഥാന ട്രെഷറർ ചുമതല വഹിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കും എത്തി. 1990-92 കാലത്ത് യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി. ഒപ്പം ദക്ഷിണേന്ത്യയുടെ ചുമതലയും വഹിച്ചു. പിന്നീട് പാർട്ടി നിയോഗിച്ച വിവിധ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയ അദ്ദേഹം 2004-2005 കാലത്ത് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടു. ആന്ധ്രയുടെ ബിജെപി വക്താവ് കൂടിയായിരുന്നു റെഡ്ഡി.
2004 മുതൽ 2009 വരെയുള്ള കാലത്ത് ഹിമയത് നഗറിൽ നിന്ന് എംഎൽഎയായി റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2009 മുതൽ 2014 വരെ അംബർപേട്ട് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായി. ഇതിനിടെ ആന്ധ്രയുടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചു. തെലങ്കാന രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്തെ ആദ്യ ബിജെപി അദ്ധ്യക്ഷനായി പ്രവർത്തിച്ചതും റെഡ്ഡിയായിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി 986 ഗ്രാമങ്ങളും 88 നിയമസഭാ മണ്ഡലങ്ങളും തൊട്ടറിഞ്ഞ് 22 ദിവസം നീണ്ട ‘തെലങ്കാന പോരു യാത്ര’ നടത്തി 35,00 കി.മീ നടന്ന ചരിത്രവും റെഡ്ഡിക്ക് സ്വന്തമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 473,012 വോട്ടുകൾ നേടിയാണ് സെക്കന്തരാബാദിൽ നിന്നും തുടർച്ചയായി മൂന്നാം തവണ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടത്. 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.