ന്യൂഡൽഹി: ജമ്മുകശ്മീരിലെ റിയാസി മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. റിയാസി ജില്ലയിൽ വച്ച് തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.
” ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണം ഹീനവും ഞെട്ടൽ ഉണ്ടാക്കുന്നതുമാണ്. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.”- ദ്രൗപദി മുർമു കുറിച്ചു.
ആക്രമണത്തെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജെപി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അപലപിച്ചു. ഇരകളുടെ കുടുംബത്തോടൊപ്പം രാഷ്‌ട്രം നിലകൊള്ളുന്നുവെന്നും മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം നീച പ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ കുറിച്ചു. ബസിന് നേരെയുണ്ടായ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്നും ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഭീകരർ ബസിന് നേരെ വെടിയുതിർത്തത്. ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.