ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ ശുചീകരണ തൊഴിലാളികളെയും, ട്രാൻസ്ജൻഡേഴ്സിനെയും ആദരിച്ച് ബിജെപി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് തന്റെ വസതിയിൽ വച്ചാണ് ബിജെപി എംപിയും മുൻ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രിയുമായ വീരേന്ദ്ര കുമാറും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ആദരിച്ചത് . 50 ഓളം ട്രാൻസ്‌ജെൻഡഴ്സ് മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തു .
“പുതിയ സർക്കാരിനെ അനുഗ്രഹിക്കാനാണ് ഞങ്ങൾ വന്നത്. ജാതി അധിഷ്ഠിത രാഷ്‌ട്രീയം കാരണം പ്രധാനമന്ത്രിയ്‌ക്ക് പ്രതീക്ഷിച്ച സീറ്റുകൾ ലഭിക്കാത്തതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. എന്നാൽ ഞങ്ങളുടെ പ്രധാനമന്ത്രിയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട് . സ്ഥിതി മെച്ചപ്പെടും “ – ട്രാൻസ്‌ജെൻഡഴ്സ് കമ്മ്യൂണിസ്റ്റിയിലെ സോനം കപൂർ പറഞ്ഞു.
ഇതാദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നത് . ബിജെപി എംപിയും മുൻ ജലശക്തി മന്ത്രിയുമായ ഗജേന്ദ്ര ഷെഖാവത്ത് ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പുതിയ പാർലമെൻ്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ട 90 തൊഴിലാളികളെയും 30 ശുചീകരണ തൊഴിലാളികളെയും മുൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആദരിച്ചു.















