ന്യൂഡൽഹി : രാഷ്‌ട്രപതിഭവനിൽ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത വിദേശരാജ്യങ്ങളുടെ നേതാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അയൽരാജ്യങ്ങൾക്ക് ആദ്യം’ എന്ന ഇന്ത്യയുടെ നയവും അവരോടുള്ള പ്രതിബദ്ധതയും അദ്ദേഹം എടുത്ത് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിൽ താൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ആഗോള സഖ്യകക്ഷികളുമായുള്ള സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു, എല്ലാവിധത്തിലുള്ള വെല്ലുവിളികളേയും അഭിമുഖീകരിക്കുന്നതിനും പരസ്പരമുള്ള താത്പര്യങ്ങൾ പങ്കുവയ്‌ക്കുന്നതിനുമായി ഏറ്റവും മികച്ച പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുന്നത് തുടരും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത എല്ലാ വിദേശ നേതാക്കളോടും നന്ദി അറിയിക്കുന്നു. മാനുഷിക പുരോഗതി ലക്ഷ്യമിട്ട് കൊണ്ട് തന്നെ ഇന്ത്യ ഏവരുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത്, സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്ത പ്രധാന വിദേശ നേതാക്കൾ. നേതാക്കൾ വേദിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.