ടി20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും തോറ്റ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ വസീം അക്രം. ടൂർണമെന്റുകളിൽ പാകിസ്താന്റെ പ്രകടനം മെച്ചപ്പെടുത്തണമെങ്കിൽ ടീമിൽ മാറ്റം വരണമെന്ന് സ്റ്റാർ സ്‌പോർട്‌സ് ഷോയിൽ മുൻ പാക് താരം പറഞ്ഞു. മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ്, ഫഖർ സമാൻ എന്നിവർക്ക് മത്സരത്തെ കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”10 വർഷമായി ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെ ഇനിയും മത്സരത്തെക്കുറിച്ച് പഠിപ്പിക്കാനാവില്ല. മുഹമ്മദ് റിസ്വാന് മത്സരത്തെക്കുറിച്ച് വ്യക്തമായ ധാരണപോലുമില്ല. ബുമ്രയുടെ ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ക്രീസിൽ നിൽക്കാനായിരുന്നു അദ്ദേഹം ശ്രമിക്കേണ്ടത്. അല്ലാതെ ബിഗ് ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നില്ല വേണ്ടത്. വർഷങ്ങളായി ടീമിന്റെ ഭാഗമായ ഇഫ്തിഖർ അഹമ്മദിന് എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് പോലും അറിയില്ല. ഫഖർ സമാന് മത്സരത്തെ കുറിച്ച് ക്ലാസെടുക്കാനും കഴിയില്ല. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ പരിശീലകരെ പുറത്താക്കുമെന്നും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നുമാണ് പാക് താരങ്ങൾ കരുതുന്നത്. പരിശീലകരെ നിലനിർത്താനും ടീമിനെ മാറ്റാനുമുള്ള സമയമാണിത്.”വസീം അക്രം പറഞ്ഞു.
ബാബർ അസം, ഷഹീൻ ഷാ അഫ്രീദി എന്നിവർക്കെതിരെയും മുൻ പാക് താരം വിമർശനമുയർത്തി. ”പരസ്പരം സംസാരിക്കാൻ തയ്യാറാകാത്ത താരങ്ങളുണ്ട്. ഇത് അന്താരാഷ്‌ട്ര ക്രിക്കറ്റാണെന്നും രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും ഓർമ്മ വേണം. അതിന് കഴിഞ്ഞില്ലെങ്കിൽ താരങ്ങളെ വീട്ടിലിരുത്താൻ പിസിബി തയ്യാറാകണം.” അക്രം തുറന്നടിച്ചു.
ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ബാബർ അസമിനെ പിസിബി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി അഫ്രീദിയെ നിയമിച്ചിരുന്നു. അഫ്രിദീക്ക് കീഴിലും ടീം മോശം പ്രകടനം കാഴ്ചവച്ചതോടെ അസം വീണ്ടും നായകസ്ഥാനത്ത് എത്തുകയായിരുന്നു. ശേഷം രണ്ട് താരങ്ങളും സംസാരിക്കാൻ തയ്യാറായിട്ടില്ല.















