ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി. വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നും അധികാരികൾ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ശബ്ദമായി എബിവിപി എന്നും ഒപ്പമുണ്ടാകുമെന്നും എൻടിഎയുടെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും ദേശീയ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു.
ഡൽഹിയിലെ എൻടിഎ ആസ്ഥാനത്തേക്ക് എബിവിപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പൂനെ, ലക്‌നൗ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെയാണ് ആരോപണം ഉയർന്നത്. ഒന്നാം റാങ്കുകാരിലെ ആറു പേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നും എൻടിഎ വീശദീകരിക്കുന്നു. ഉയരുന്ന ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ലെന്നും അട്ടിമറി നടന്നിട്ടില്ലെന്നുമാണ് എൻടിഎ വിശദീകരണം.