ജമ്മു: റിയാസി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ആക്രമണത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുടെ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആവശ്യമായ എല്ലാ സഹായവും നൽകുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ജമ്മു കശ്മീർ പൊലീസ്, ആർമി, സിആർപിഎഫ് എന്നിവയുടെ സംയുക്ത സുരക്ഷാ സേന താത്കാലികമായി ക്യാമ്പ് ചെയ്തിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രക്ഷാപ്രവർത്തനം പൂർത്തിയായതായും പരിക്കേറ്റവരെ നരൈന, റിയാസി ജില്ലാ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. അന്വേഷണ ചുമതലയുള്ള എൻഐഎയുടെ ഫോറൻസിക് ടീം സ്ഥത്തെത്തി തെളിവുകൾ ശേഖരിക്കുകയാണ്. പാക് പിന്തുണയുള്ള ലഷ്കർ സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.















