ഇന്നലെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്ഷണിക്കപ്പെട്ട 8,000 ഓളം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വിവിധ രാഷ്‌ട്രത്തലവന്മാർ മുതൽ വ്യവസായികളും സിനിമാതാരങ്ങളും വരെ ചടങ്ങിൽ അണിനിരന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ക്യാമറയിൽ പതിഞ്ഞ വിളിക്കാതെ വന്നെത്തിയ അതിഥി ആരെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.
സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നതിനിടെ രാഷ്‌ട്രപതി ഭവന്റെ പശ്ചാത്തലത്തിലൂടെ നടന്നുനീങ്ങുന്ന മൃഗത്തിന്റെ വീഡിയോ ആണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിജെപി എംപി ദുർഗ്ഗാ ദാസ് സത്യപ്രതിജ്ഞ ചെയ്തശേഷം രാഷ്‌ട്രപതിയെ വണങ്ങുമ്പോൾ വേദിയുടെ പശ്ചാത്തലത്തിലൂടെ നടന്നു നീങ്ങുന്ന മൃഗത്തിന്റെ അവ്യക്തമായ രൂപം കാണാം. ഒറ്റ നോട്ടത്തിൽ പുലിയാണോ പൂച്ചയാണോ അതോ ഇനി നായയാണോ എന്ന് പോലും തോന്നിക്കുന്ന മൃഗത്തിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിലുള്ളത്.
വീഡിയോക്ക് താഴെ പലവിധ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നാണ് പലരുടേയും സംശയം. ചിലർ കണ്ടിട്ട് വലിയ പൂച്ചയാകാമെന്ന ഊഹം പങ്കുവച്ചു. മറ്റുചിലർ വാലും നടത്താവുമൊക്കെ കണ്ടിട്ട് പുലിയാകാനാണ് സാധ്യതയെന്നായി. വളർത്തുപൂച്ചയാകാമെന്ന് മറ്റൊരു കൂട്ടർ. വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.