എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെയുള്ള ജാതി അധിക്ഷേപ കേസിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഒരാഴ്ചയ്‌ക്കുള്ളിൽ തിരുവനന്തപുരം എസ്.സി, എസ്.ടി കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യഹർജി കീഴ്‌ക്കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സത്യഭാമ സമർപ്പിച്ച ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി നിർദേശം നൽകിയത്. ജാതി അധിക്ഷേപത്തിൽ സത്യഭാമക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് രാമകൃഷ്ണനെതിരെ സത്യഭാമ പരോക്ഷമായി ജാതി അധിക്ഷേപം നടത്തിയത്. തുടർന്ന് ഇവർക്കെതിരെ രാമകൃഷ്ണൻ പരാതി നൽകുകയായിരുന്നു.
പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സത്യഭാമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















