തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു വീണ്ടും രംഗത്ത്. ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്നും മറ്റ് മന്ത്രിസഭയിലിരുന്ന എക്സീപിരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടുവിന് അറിയാമെന്നും ഡ്രൈവിംഗ് സ്കൂൾ യൂണിയൻ സംസ്ഥാന പ്രസിഡന്റും സിപിഎം നേതാവുമായ കെ കെ ദിവാകരൻ പറഞ്ഞു.
ഡ്രൈവിംഗ് പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സിഐടിയു പ്രസിഡന്റ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ടെസ്റ്റ് നടത്താൻ ഇൻസ്ട്രക്ടർമാരെ നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണം എന്നാണ് സിഐടിയു ഉന്നയിക്കുന്ന ആവശ്യം.
’ഗതാഗത മന്ത്രി പച്ചക്കള്ളമാണ് പറയുന്നത്. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ ഉത്തരവെന്ന് മന്ത്രി പറയുന്നത് കള്ളമാണ്. ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. വൻകിട മുതലാളിമാർക്ക് വേണ്ടിയാണ് മന്ത്രി പ്രവർത്തിക്കുന്നത്. സ്വയം തൊഴിൽ കണ്ടെത്തുന്നവരെ പട്ടിണിക്കിടുകയാണ് എൽഡിഎഫ് സർക്കാരെന്നും സിഐടിയു നേതൃത്വം കുറ്റപ്പെടുത്തി.















