ഇസ്ലാമബാദ്: തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ ആശംസിച്ച് പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഷെരീഫ് അഭിനന്ദനമറിയിച്ചത്. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിജിക്ക് അഭിനന്ദനങൾ. തെരഞ്ഞെടുപ്പിൽ നിങ്ങളുടെ പാർട്ടി നേടിയ വിജയം നിങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. നമുക്ക് വെറുപ്പിനെ പ്രത്യാശകൊണ്ട് മറികടന്ന് ദക്ഷിണേഷ്യയിലെ 200 കോടി ജനങ്ങളുടെ വിധി രൂപപ്പെടുത്താനുള്ള അവസരം പ്രയോജനപ്പെടുത്താം”, നവാസ് ഷെരീഫ് എക്‌സിൽ കുറിച്ചു.
നേരത്തെ പ്രധാനമന്ത്രി മോദിക്ക് അഭിനന്ദനമറിയിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രംഗത്തു വന്നിരുന്നു. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അയൽ രാജ്യങ്ങളിലെയും സൗഹൃദ രാഷ്‌ട്രങ്ങളിലെയും നിരവധി പ്രമുഖരാണ് അതിഥിയായെത്തിയത്. മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 543 സീറ്റിൽ 293ഉം നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിലേറിയത്.















