ന്യൂയോർക്ക്: അവസാന പന്തുവരെ നീണ്ട ആവേശ പോരിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് അർഹിച്ച വിജയം സമ്മാനിച്ച് കേശവ് മഹാരാജ്. ലോ സ്കോറിംഗ് ത്രില്ലറിൽ ബംഗ്ലാദേശിനെ നാലു റൺസിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൂറ്റനടിക്കാർ കളിക്കാൻ മറന്ന മത്സരത്തിൽ ഹെന്റിച്ച് ക്ലാസൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 44 പന്തിൽ 46 റൺസെടുത്ത ക്ലാസനും 29 റൺസെടുത്ത മില്ലറും ചേർന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നസോ സ്റ്റേഡിയത്തിലെ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 113 റൺസായിരുന്നു സമ്പാദ്യം.
മൂന്ന് വിക്കറ്റ് നേടിയ തൻസിം ഹസനും രണ്ടുവിക്കറ്റ് വീഴ്‌ത്തിയ ടസ്കിൻ അഹമ്മദും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയത്. റിഷാദ് ഹൊസൈന് ഒരു വിക്കറ്റ് ലഭിച്ചു.അനായാസ ജയം മോഹിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിരാശയായിരുന്നു ഫലം. സ്കോർ ബോർഡിൽ 9 റൺസുള്ളപ്പോൾ ആദ്യ വിക്കറ്റ് വീണു. തൻസിദ് ഹസനെ(9) മടക്കി റബാദയാണ് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ലിറ്റൺ ദാസിനെ(9) വീഴ്‌ത്തി കേശവ് മഹാരാജ് നിലപാട് വ്യക്തമാക്കി. നജ്മുൾ ഷാൻ്റോയും(14) കുടാരം കയറിയതോടെ ബംഗ്ലാദേശ് 3-37 എന്ന നിലയിൽ പതറി. തൗഹിദ് ഹൃദോയ്(37) മഹമ്മദുള്ള(20) എന്നിവരുടെ കൂട്ടുക്കെട്ടാണ് ബംഗ്ലാദേശിന് പ്രതീക്ഷ നൽകിയത്. എന്നാൽ ഹൃദോയിയെ എൽബിയിൽ കുരുക്കി റബാദ ഇത് തല്ലിക്കെടുത്തി.
അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ്, ക്യാപ്റ്റൻ മാർക്രം പന്തേൽപ്പിച്ചത് ടീമിലെ വിശ്വസ്തനായ കേശവ് മഹാരാജിന്. ആദ്യ പന്ത് വൈഡായി.രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ ജാകെർ അലി ഡബിൾ ഓടിയെടുത്തു. മൂന്നാം പന്തിൽ മഹാരാജിനെ സിക്സിന് പറത്താനുള്ള അലിയുടെ ശ്രമം ബൗണ്ടറിയിൽ മാർക്രത്തിന്റെ കൈയിൽ അവസാനിക്കുകയായിരുന്നു. അഞ്ചാം പന്തിൽ സിംഗിളും അവാസന പന്തിൽ വിക്കറ്റും നേടി മഹാാരാജ് മത്സരം ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാക്കി. മഹാരാജ് മൂന്ന് വിക്കറ്റ് പിഴുതമ്പോൾ നോർക്യേയും റബാദയും രണ്ടു വിക്കറ്റ് വീതം നേടി. ഹെൻറിച്ച് ക്ലാസനാണ് കളിയിലെ താരം.