പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ. നരേന്ദ്ര മോദി ഗുരുവും മാർഗദർശിയുമാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവുമായുള്ള ഇടയടുപ്പമുള്ള ബന്ധം ആസ്വദിക്കുന്നുവെന്നും താൻ അനുഗ്രഹീതനാണെന്നും ടോബ്ഗേ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ദർശനങ്ങൾ വളരെ വ്യക്തമാണ്. കൃത്യതയോടെ കാര്യങ്ങൾ നടപ്പിലാക്കാനുള്ള പ്രാപ്തിയും നേതൃപാടവുമാണ് നരേന്ദ്ര മോദിയെ വ്യത്യസ്തനാക്കുന്നത്. ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ പര്യടനം ഭൂട്ടാനിലേക്കായിരുന്നുവെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ പാദത്തിലെ അവസാന അന്താരാഷ്‌ട്ര യാത്രയും ഹിമാലയൻ രാജ്യത്തേക്കായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു. അഭേദ്യമായ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിൽ പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ഭൂട്ടാൻ നയതന്ത്രബന്ധത്തെ മികച്ച തലത്തിലേക്ക് നരേന്ദ്ര മോദി എത്തിച്ചതായും ടോഗ്ബേ പറഞ്ഞു. 1,500 കോടി രൂപയുടെ സാമ്പത്തിക ഉത്തേജനമാണ് പ്രധാന പദ്ധതികളിലൊന്ന്. കൊവിഡ് മഹാമാരിക്ക് ശേഷം ഹിമാലയൻ രാജ്യത്തെ വീണ്ടെടുക്കാൻ പദ്ധതിക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമേ 13-ാം പഞ്ചവത്സര പദ്ധതി പ്രകാരം 8,500 കോടി രൂപയുടെ സഹായ പാക്കേജാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാങ്കേതിക വിദ്യയുടെ കുതിപ്പിനും ഇത് സഹയാകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















