ന്യൂഡൽഹി: എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ സംയമനം പാലിക്കണമെന്നും ചുമതലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
അനാവശ്യമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും അതാത് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് മാത്രം സംസാരിക്കണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു. പ്രഭാഷണങ്ങളോ ആവശ്യമില്ലാത്ത ഉപദേശങ്ങളോ നൽകരുതെന്നും അദ്ദേഹം മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി.
കൃത്യനിഷ്ഠ പാലിക്കണമെന്നും കൃത്യസമയത്ത് അവരുടെ മന്ത്രാലയങ്ങളിൽ എത്തിച്ചേരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. പ്രധാനമന്ത്രിയും 71 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം ഇന്നലെ വൈകിട്ടായിരുന്നു മന്ത്രിസഭയുടെ ആദ്യ യോഗം നടന്നത്.
യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചത്. അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമലാ സീതാരാമൻ, എസ് ജയശങ്കർ എന്നിവർ നയിക്കുന്ന സുപ്രധാന വകുപ്പുകൾ മുൻ മന്ത്രിസഭയിലേത് പോലെ നിലനിർത്താനാണ് മൂന്നാം മോദി സർക്കാരിന്റെ തീരുമാനം.
പ്രതിരോധം– രാജ്നാഥ് സിംഗ്, ആഭ്യന്തരം – അമിത് ഷാ, വിദേശകാര്യം- എസ് ജയശങ്കർ എന്നിവർ തന്നെ കൈകാര്യം ചെയ്യും. നിതിൻ ഗഡ്കരിയും അശ്വിനി വൈഷ്ണവും അതത് വകുപ്പുകളായ ഉപരിതല റോഡ് ഗതാഗതവും റെയിൽവേയുമാണ് കൈകാര്യം ചെയ്യുക. നിർമലാ സീതാരാമൻ ധനമന്ത്രിയായും തുടരും.