ദക്ഷിണേന്ത്യയിൽ നിന്ന് മോദി മന്ത്രിസഭയിലേക്ക് മൂന്ന് കാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും. ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമിക്ക് ഉരുക്ക്, സ്റ്റീൽ മന്ത്രാലയ വകുപ്പിന്റെ ചുമതലയും ടിഡിപിയുടെ രാംമോഹൻ നായിഡുവിന് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയും നൽകി. തെലങ്കാന ബിജെപി അദ്ധ്യക്ഷനും സെക്കന്തരാബാദ് എംപിയുമായ ഗംഗപുരം കിഷൻ റെഡ്ഡിക്ക് കൽക്കരി, ഖനി വകുപ്പുകളുടെ ചുമതലയാണുള്ളത്.
ഇത് കൂടാതെ ദക്ഷിണേന്ത്യയിൽ നിന്ന് എട്ട് സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. കേരളത്തിൽ നിന്ന് രണ്ട് പേർ, കർണാടകയിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് രണ്ട് പേർ, തമിഴ്നാട്ടിൽ നിന്നും തെലങ്കാനയിൽ നിന്നും ഓരോരുത്തർ വീതവുമാണ് സഹമന്ത്രി ചുമതല വഹിക്കുന്നത്.
കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ജോർജ് കുര്യനുമാണ് മന്ത്രിസഭയിലെത്തിയത്. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ്, ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് നൽകിയത്. ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ ചുമതലയാണുള്ളത്.
കർണാടകയിൽ നിന്നുള്ള വി. സോമണ്ണയ്‌ക്ക് ജൽശക്തി, റെയിൽവേ സഹമന്ത്രിസ്ഥാനമാണ് നൽകിയത്. ശോഭ കരന്ദ്‌ലാജെയ്‌ക്ക് മൈക്രോ , സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് , തൊഴിൽ വകുപ്പുകളുടെ ചുമതലയാകും വഹിക്കുക.
ആന്ധ്രയിൽ നിന്നുള്ള ചന്ദ്ര ശേഖർ പെപെമ്മസാനി ഗ്രാമവികസനം, വാർത്താ വിനിമയ സഹമന്ത്രിയായി. ഭൂപതിരാജു ശ്രീനിവാസ വർമ്മയെ ഖനവ്യവസായ, സ്റ്റീൽ മന്ത്രാലയ സഹമന്ത്രിയായി നിയമിച്ചു.
തെലങ്കാന ബിജെപി മുൻ അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ ആഭ്യന്തര മന്ത്രാലയ സഹമന്ത്രിയായി നിയമിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള എൽ.മുരുകന് വാർത്ത വിതരണ പ്രക്ഷേപണം, പാർലമെന്ററി കാര്യ മന്ത്രാലയ സഹമന്ത്രി സ്ഥാനവും നൽകി.















