ടി20 ലോകകപ്പിനിടെ ഇന്ത്യൻ ബൗളർ അർഷദീപ് സിംഗിനെതിരെ മുൻ പാക് താരം കമ്രാൻ അക്‌മൽ നടത്തിയ വംശീയ അധിക്ഷേപം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് കമ്രാന് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് .
മത്സരത്തിനിടെ അവസാന ഓവർ പന്തെറിയാനെത്തിയത് അർഷദീപ് സിംഗ് ആയിരുന്നു. ഇതിനിടയിലായിരുന്നു അക്‌മലിന്റെ വിവാദ പ്രസ്‌താവന . ‘എന്തും സംഭവിക്കാം. ഇതിനകം 12 മണി ആയി. അർധരാത്രി 12 മണിക്ക് ഒരു സിഖുകാരനും ഓവർ നൽകരുത്’ എന്നായിരുന്നു അക്‌മലിന്റെ പരാമർശം. ഹർഭജൻ സിംഗ് കടുത്ത ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്.
‘ കമ്രാൻ അക്മൽ , ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് നിങ്ങൾ സിഖുകാരുടെ ചരിത്രം അറിഞ്ഞിരിക്കണം. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമണകാരികൾ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്, അന്നും സമയം 12 മണി ആയിരുന്നു. ശരിക്കും ലജ്ജിക്കുന്നു…കുറച്ചെങ്കിലും നന്ദി കാണിക്കൂ’ എന്നായിരുന്നു ഹർഭജന്റെ മറുപടി.
വിമർശനങ്ങൾ ശക്തമായതോടെ മാപ്പ് അപേക്ഷയുമായി അക്മൽ രംഗത്തെത്തി . “എന്റെ സമീപകാല അഭിപ്രായങ്ങളിൽ ഞാൻ ഖേദിക്കുന്നു, ഹർഭജൻ സിങ്ങിനോടും സിഖ് സമൂഹത്തോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. എന്റെ വാക്കുകൾ അനുചിതവും അനാദരവുമായിരുന്നു. ലോകമെമ്പാടുമുള്ള സിഖുകാരോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്, ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ ശരിക്കും ഖേദിക്കുന്നു. “ അക്മൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.















