മാളികപ്പുറം എന്ന ഹിറ്റ് സിനിമ മലയാളികൾക്ക് സമ്മാനിച്ച അഭിലാഷ് പിള്ളയുടെ ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിനായി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് സംബന്ധിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. ആനന്ദ് ശ്രീബാലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ നാളെ പുറത്തിറങ്ങുമെന്നാണ് വിവരം.
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്‌ലിൻ എന്നിവരുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്. നാളെ വൈകുന്നേരം ആറ് മണിക്കാണ് ഫസ്റ്റ്ലുക്ക് എത്തുന്നത്.

മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണാ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സംഗീത, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
വിഷ്ണു നാരായണൻ ഛായാഗ്രഹണവും രഞ്ജിൻ രാജ് സംഗീതവും നിർവഹിക്കും. കിരൺ ദാസാണ് എഡിറ്റർ. മാളികപ്പുറം പോലെ പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല എന്നാണ് റിപ്പോർട്ട്.















