ടെൽ അവീവ്: ഭീകരർ തന്നെ കൊല്ലുമെന്ന് ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് ഹമാസിന്റെ തടവിൽ നിന്നും രക്ഷപ്പെട്ട ഇസ്രായേലി യുവതി നോവ അർഗമാനി. കഴിഞ്ഞ 245 ദിവസങ്ങൾക്കിടയിൽ ഭീകരർ പല സ്ഥലങ്ങളിലായി തടവിൽ പാർപ്പിച്ചുവെന്നും നോവ വെളിപ്പെടുത്തി. നോവയെ ഉൾപ്പെടെ നാലുപേരെയാണ് ഇസ്രായേലി സൈന്യം നടത്തിയ രക്ഷാ ദൗത്യത്തിലൂടെ ഹമാസിന്റെ തടവിൽ നിന്നും രക്ഷപ്പെടുത്തിയത്. ഒക്ടോബർ 7 ന് നടന്ന ഭീകരാക്രമണത്തിലാണ് ഇവരെ ഹമാസ് ബന്ദികളാക്കി തട്ടികൊണ്ട് പോയത്.
ഹമാസ് ഭീകരർ തന്നെ കൊല്ലുമെന്ന് തന്നെയാണ് കരുതിയത്. കഴിഞ്ഞ 8 മാസക്കാലം ഗാസയിലെ 4 ഇടങ്ങളിൽ തടവിൽ കഴിഞ്ഞു. അവസാനമായി ഭീകരർ ഒരു പലസ്തീനി കുടുംബത്തോടൊപ്പം ആണ് തന്നെ പാർപ്പിച്ചത്. അവിടെ ഒരു വീട്ടുജോലിക്കാരിയായി പാത്രങ്ങൾ വരെ കഴുകേണ്ടി വന്നതായും നോവ പറയുന്നു. ഓരോ വീടുകളിലേക്ക് മാറുമ്പോഴും പലസ്തീനി വേഷങ്ങൾ ആണ് ധരിച്ചിരുന്നത്. ഇസ്രായേലി സൈനികർ എത്തുമ്പോൾ താൻ അടുക്കളയിൽ വീട്ടുജോലികൾ ചെയ്യുകയായിരുന്നുവെന്നും രക്ഷപ്പെട്ടത് ഇപ്പോഴും അവിശ്വസനീയമായി തോന്നുവെന്നും 26 കാരിയായ നോവ പറഞ്ഞു.
നോവയെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആയുധധാരികളായ ഹമാസ് ഭീകരർ നോവയെ വലിച്ചിഴച്ച് വണ്ടിയിലേക്ക് കയറ്റുന്നതും യുവതി തന്നെ കൊല്ലരുതെന്ന് ഭീകരരോട് യാചിക്കുന്നതും വീഡിയോയിൽ കാണാം. രക്ഷപ്പെട്ട ശേഷം ഇസ്രായേലി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് തടവിലെ തന്റെ അനുഭവങ്ങൾ നോവ പങ്കുവച്ചത്.