തിരുവനന്തപുരം: മതപഠനത്തിനായെത്തിയ 11-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 56 വർഷം കഠിന തടവ്. പോത്തൻകോട് കല്ലൂരിൽ കുന്നുകാട് ദാറുസ്സലാം വീട്ടിൽ അബ്ദുൽ ജബ്ബാറാണ് (61) പ്രതി. 75,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തവിട്ടു. പിഴത്തുക ഇരയ്ക്ക് നൽകണം. തുക അടച്ചില്ലെങ്കിൽ ഒരു വർഷവും ഏഴ് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖയുടേതാണ് ഉത്തരവ്.
2020 ഒക്ടോബറിനും 2021 ജനുവരിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി പ്രതിയുടെ വീട്ടിൽ ഖുറാൻ പഠിക്കാൻ പോകുമായിരുന്നു. മറ്റ് കുട്ടികളെ ഹാളിൽ ഇരുത്തിയതിന് ശേഷം ഇരയെ മറ്റൊരു മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പുറത്തറിയിച്ചാൽ കൊല്ലുമെന്നും കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. പീഡനം മാസങ്ങളോളം തുടർന്നു. ഇതിനിടെ ഇരയുടെ സഹോദരനേയും മതപഠനത്തിനായി ഉസ്താദിന്റെ അടുത്തേക്ക് വിടാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.
പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച കേസിൽ 23 രേഖകളും 5 തൊണ്ടിമുതലകളും ഹാജരാക്കി. പോത്തൻകോട് പൊലീസ് ഉദ്യോഗസ്ഥരായ വിഎസ് അജീഷ്, ഡി ഗോപി, ശ്യാം കെ എന്നിവരാണ് കേസ് അന്വേഷിച്ചത്.