മുംബൈ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്‌ട്ര തീവ്രവിരുദ്ധ സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കളുടെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി. 2022ലായിരുന്നു മൂവരെയും എടിഎസ് പിടികൂടിയത്. ബലപ്രയോഗത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ യുവാക്കൾ ഗൂഢാലോചന നടത്തിയതായി എടിഎസ് കണ്ടെത്തിയിരുന്നു.
റാസി അഹമ്മദ് ഖാൻ (37), ഉനൈസ് ഉമർ ഖൈയ്യം പട്ടേൽ (32), പിഎഫ്ഐയുടെ പൂനെ ജില്ലാ മുൻ വൈസ് പ്രസിഡന്റ് കയ്യും അബ്ദുൾ ഷെയ്ഖ് (50) എന്നിവരാണ് അറസ്റ്റിലായത്. മൂവരും നിലവിൽ നാസിക്കിലെ ജയിലിലാണ്. 2023ൽ പ്രത്യേക കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് പ്രതികൾക്കെതിരെ യുഎപിഎയും ചുമത്തിയിരുന്നു. കേസിന്റെ വിചാരണ നാസിക്കിലെ പ്രത്യേക കോടതിയിലാണ് നടക്കുന്നത്.
2022 ജൂൺ 14ന് മലേഗാവിൽ പുതിയതായി പണികഴിപ്പിച്ച പിഎഎഫ്ഐ ഓഫീസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ അവിടെ രഹസ്യ യോഗം നടന്നിരുന്നു. ഏതുവിധേനയും രാജ്യത്തിനെതിരെ യുദ്ധം ചെയ്യണമെന്നും അതിനായി മുസ്ലീം സമൂഹത്തിന്റെ ഐക്യം ആവശ്യമാണെന്നും യോഗത്തിൽ നിർദേശിച്ചതായി എടിഎസ് കണ്ടെത്തി. 2047ഓടെ ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കുക എന്ന പിഎഫ്ഐയുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിനായി മൂന്ന് പേരും സജീവമായി പ്രവർത്തിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതിയും നിരസിച്ചത്.