ഭുവനേശ്വർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റി ഒഡിഷയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപി സർക്കാർ. പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ നാല് കവാടങ്ങളും ഇന്ന് വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സുഗമമായ ദർശനം നടത്തുന്നതിന് ക്ഷേത്രത്തിന്റെ എല്ലാ കവാടങ്ങളും വീണ്ടും തുറക്കണമെന്നുള്ള ഭക്തരുടെ ദീർഘകാലത്തെ ആവശ്യമാണ് ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ നടപ്പാക്കിയിരിക്കുന്നത്.
ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും എംഎൽഎമാരുമടങ്ങുന്ന സംഘം കവാടങ്ങൾ തുറന്നശേഷമുള്ള ക്ഷേത്രത്തിലെ മംഗള ആരതിയിൽ പങ്കെടുത്തു. ജഗന്നാഥ ക്ഷേത്രത്തിന്റെ വികസനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി അടുത്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ ഒരു ഫണ്ട് അനുവദിക്കുമെന്ന് ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സത്യപ്രതിഞ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.
കോവിഡ് മഹാമാരിയെ തുടർന്ന് മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാർ ക്ഷേത്രത്തിന്റെ നാല് കവാടങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. നാളിതുവരെ ഭക്തരെ ഒരു കവാടത്തിലൂടെ മാത്രമാണ് കടത്തിവിട്ടിരുന്നത്. ഇത് വലിയ ഭക്തജനത്തിരക്കിനും കാരണമായിരുന്നു.