വമ്പൻ താരനിരയിൽ ഒരുങ്ങുന്ന കൽക്കി 2898 എഡിയുടെ ഓരോ വാർത്തകളും പ്രേക്ഷർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദിഷ പഠാനിയുടെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദിഷയുടെ 31-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്.
റോക്സി എന്ന കഥാപാത്രത്തെയാണ് ദിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായിരിക്കും ദിഷയുടേത് എന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്.
2898 എഡിയിൽ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, അന്ന ബെൻ, ശോഭന തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൽക്കിയുടെ ട്രെയ്‌ലറിനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബഹുഭാഷാചിത്രം സയൻസ് ഫിക്ഷൻ- ആക്ഷൻ ജോണറിലാണ് പുറത്തിറങ്ങുന്നത്. ഈ ബിഗ് ബജറ്റ് സിനിമയിലെ മറ്റൊരു ആകർഷണം ബുജ്ജി എന്ന റോബോർട്ടാണ്. ബുജ്ജിയ്‌ക്കായി ശബ്ദം നൽകിയിരിക്കുന്നത് നടി കീർത്തി സുരേഷാണ്. ജൂൺ 27-ന് ചിത്രം തീയറ്ററുകളിൽ എത്തും.
View this post on Instagram