അരുൺ ചന്തുവിന്റെ സംവിധാനത്തിലൊരുങ്ങിയ ഏലിയൻ ചിത്രം ‘ഗഗനചാരി’യുടെ റിലീസ് തീയതി പുറത്ത്. ഗോകുൽ സുരേഷും അജു വർഗീസും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും. ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് ഗഗനചാരി. സംസ്ഥാനത്ത് നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്‌സ് എന്നീ വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്സ് ,ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.
അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ നിർമിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.