അഹമ്മദബാദ്: ആമിർ ഖാന്റെ മുത്തമകൻ ജുനൈദ്ഖാൻ ആദ്യമായി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് ഗുജറാത്ത് ഹൈക്കോടതി വിലക്കി. മഹാരാജ് എന്ന ചിത്രത്തിന്റെ പ്രദർശനമാണ് തടഞ്ഞത്. ജയ്ദീപ് അഹ്ലാവത്തും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജൂൺ 14ന് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. മതവികാരം വ്രണപ്പെടുമെന്ന് കാണിച്ച് വിഎച്ച്പി അടക്കമുളള സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. സിദ്ധാർത്ഥ് പി മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്തത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ കോടതിയിൽ 1862ൽ നടന്ന മഹാരാജ് ലിബൽ കേസാണ് സിനിമയ്‌ക്ക് അടിസ്ഥാനം. പുഷ്ടിമാർഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് ലേഖനം പ്രസിദ്ധീകരിച്ച പത്രപ്രവർത്തകനും പത്രമുടമയ്‌ക്കുമെതിരെ ആത്മീയ ആചാര്യമായ യാദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് നൽകിയ കേസ് ആണ് മഹാരാജ് ലൈബൽ കേസ്. സ്ത്രീകളായ ഭക്തരുമായി മഹാരാജ് ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട് എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ലേഖനത്തിൽ ഉന്നയിച്ചത്. വിചാരണയ്‌ക്കൊടുവിൽ കേസ്
പത്രപ്രവർത്തകന് അനുകൂലമായാണ് വിധിച്ചത്. ചിത്രത്തിനെതിരെ കൃഷ്ണ-വല്ലഭാചാര്യ വിശ്വാസികളും കോടതിയെ സമീപിച്ചിരുന്നു.
യാതൊരുവിധ പ്രൊമോഷനുമില്ലാതെയാണ് ചിത്രം റിലീസിനെത്തിയത് . ജയ്ദീപും ജുനൈദുമുള്ള ഒരു പോസ്റ്റർ ഒഴികെ ടീസറോ ട്രെയ്‌ലറോ ഒന്നും നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.















