അമരാവതി: ആന്ധ്രാപ്രദേശിന്റെ പുതിയ ഉപമുഖ്യമന്ത്രിയായി ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിനെ നിയമിച്ചു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചന്ദ്രബാബു നായിഡു പുതുതായി ചുമതലയേറ്റ കാബിനറ്റ് മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചു.
പവൻ കല്യാണിന് പഞ്ചായത്ത് രാജ്, ഗ്രാമവികസന, പരിസ്ഥിതി, വനം മന്ത്രാലയങ്ങൾ അനുവദിച്ചിട്ടുണ്ട്. നാരാ ലോകേഷിന് ഐടി, എച്ച്ആർഡി മന്ത്രാലയങ്ങൾ കൂടാതെ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ വകുപ്പും ലഭിച്ചു.
ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ തെലുങ്കുദേശം, ബിജെപി, ജനസേന സഖ്യം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിൽ 164ലും സഖ്യം വിജയിച്ചു.175 അംഗ നിയമസഭയിൽ ടിഡിപി 135 സീറ്റുകൾ നേടിയപ്പോൾ ജനസേന 21 സീറ്റുകളും നേടി. ബിജെപി 8 സീറ്റുകളും നേടി.
ഈ സാഹചര്യത്തിലാണ് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചിരിക്കുന്നത്. ജനസേന പാർട്ടി നേതാവ് പവൻ കല്യാണിനെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്നു ഏതാണ്ട് ഉറപ്പായിരുന്നു. ആന്ധ്രാ മന്ത്രിസഭയിൽ ആകെ 25 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്.