എക്കാലവും ആഘോഷിക്കുന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് സുരേഷ് ബാബു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളെ വച്ച് ചെയ്ത ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. നീണ്ട വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ സഹോദരിപുത്രൻ അസ്‌ക്കർ സൗദാനെ നായകനാക്കി ഡി.എൻ.എ എന്ന ചിത്രവുമായി വീണ്ടും എത്തിയിരിക്കുകയാണ് സുരേഷ് ബാബു. സിനിമയുടെ പ്രസ് മീറ്റിനിടെ സിനിമാപ്രേമികളെ ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനവും അദ്ദേഹം നടത്തിയി. വീണ്ടും മലയാളത്തിന്റെ സൂപ്പർതാരങ്ങൾക്കൊപ്പം കൈകോർക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ. തന്റെ വരാനിരിക്കുന്ന സിനിമകളെ പറ്റിയാണ് അദ്ദേഹം പറയുന്നത്.
“കായൽ സാമ്രാട്ട് എന്നുള്ള ഒരു സിനിമ മമ്മൂട്ടിയെ വച്ച് ചെയ്യാൻ ഇരുന്നിരുന്നു. മൂന്ന് എഴുത്തുകാരാണ് ഉണ്ടായിരുന്നത്. കഥ- ഷാജി, തിരക്കഥ- ടെന്നീസ് ജോസഫ്, സംഭാഷണം- ദാമോദരൻ മാഷ്. ആ പ്രോജക്ട് ഫൈനലിൽ വന്നതാണ്. പക്ഷേ കുറച്ചു കാര്യങ്ങൾ കൊണ്ട് അത് വർക്ക് ആകാതെ പോയി. മമ്മൂക്ക ഒക്കെയായിരുന്നു. എന്നാൽ ഇന്നത്തെ അത്രയും മുതൽമുടക്ക് അന്ന് താങ്ങുമായിരുന്നില്ല. മൂന്നു വേഷങ്ങളായിരുന്നു ആ സിനിമയിൽ മമ്മൂക്ക ചെയ്യാനിരുന്നത്. നല്ലൊരു സബ്ജക്ട് ആയിരുന്നു. അതിന്റെ ഫോട്ടോഷൂട്ട് വരെ നടന്നു. ഇപ്പോഴും എന്റെ കയ്യിൽ അത് ഇരിപ്പുണ്ട്. പുതിയകാലത്ത് അതിനൊത്ത് വർക്ക് ചെയ്ത് എടുക്കണം എന്നുമാത്രം”.
“മമ്മൂക്കയെ നായകനാക്കി കൊണ്ടുള്ള ഒരു സിനിമയുടെ സ്ക്രിപ്റ്റ് വർക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഇടിവെട്ട് സാധനം വരും. ഒരു സിനിമ കൂടി ചെയ്തിട്ട് വേണം അതിലേക്ക് കടക്കാൻ. ബാബു ആന്റണിയെ വച്ചും ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. ബോബ് ആന്റണി എന്നാണ് സിനിമയുടെ പേര്. സബ്ജക്ട് റെഡിയാണ്. മലയാളത്തിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഇങ്ങനെ ഒരു ആക്ഷൻ പടം കണ്ടിട്ടുണ്ടാവില്ല. അതുകഴിഞ്ഞ് മോഹൻലാലിനൊപ്പം വലിയ ഒരു പ്രോജക്ട് ഉണ്ട്. അതുകൂടി കഴിഞ്ഞാൽ ഈ സിനിമാ ഫീൽഡ് ഞാൻ വിടുകയാണ്”- സുരേഷ് ബാബു പറഞ്ഞു.















