യൂറോ കപ്പിലൂടെ കാൽപന്ത് കളിയുടെ ആവേശത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ വഴിമാറുകയാണ്. 24 ടീമുകൾ 6 ഗ്രൂപ്പുകളായാണ് യൂറോപ്യൻ കിരീടത്തിന് വേണ്ടി പോരാടുക. നാളെ പുലർച്ചെ 12.30നാണ് യൂറോ കപ്പിന് കിക്കോഫ്. ആതിഥേയരായ ജർമ്മനിയും സ്‌കോട്ട്‌ലൻഡുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ടൂർണമെന്റിലെ മരണ ഗ്രൂപ്പുകൾ ഏതൊക്കെയെന്ന് നോക്കാം
ഗ്രൂപ്പ് ബിയും ഗ്രൂപ്പ് ഡിയുമാണ് ലീഗിലെ മരണഗ്രൂപ്പുകൾ. ഗ്രൂപ്പ് ബിയിൽ സ്‌പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ, എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റിന് ഇറങ്ങുന്നത്. ലൂക്ക മോഡ്രിച്ചിന്റെ അവസാന യൂറോ കപ്പായതിനാൽ അദ്ദേഹത്തിന് വേണ്ടി യൂറോ കിരീടം സ്വന്തമാക്കണമെന്ന വാശി ക്രൊയേഷ്യക്കുമുണ്ട്. ബാഴ്‌സ താരമായ പെഡ്രി ഗോൺസലാസിന്റെ ഫോമും യുവതാരങ്ങളും ചേർന്ന് പുതിയ അദ്ധ്യായം രചിക്കാനാണ് സ്‌പെയിൻ തയ്യാറെടുക്കുന്നത്. വമ്പന്മാരെ അട്ടിമറിച്ച് തങ്ങളുടെ കരുത്ത് കാട്ടാൻ അൽബേനിയയും ഇറങ്ങും.
പോളണ്ട്, നെതർലൻഡ്‌സ്, ഓസ്ട്രിയ, ഫ്രാൻസ് എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ. യൂറോ കപ്പിലെ ഫേവറൈറ്റുകളിൽ ഒന്നാണ് ഫ്രാൻസ്. സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ കിലിയൻ എംബാപ്പെയും ആന്റോയിന്‍ ഗ്രീസ്മാനും ടൂർണമെന്റിൽ തിളങ്ങിയാൽ എതിരാളികൾ കരുതിയിരിക്കണം. വർഷങ്ങൾക്ക് ശേഷം ഒരു കിരീടം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് നെതർലൻഡ്‌സ്. 1988-ലാണ് ടീം അവസാനമായി യൂറോപ്പ്യൻ രാജക്കന്മാരായത്. യോഗ്യത മത്സരങ്ങൾ കളിച്ച് ടൂർണമെന്റിനെത്തിയ പോളണ്ടിന് ആദ്യ കിരീടമാണ് ലക്ഷ്യം. നാലാം തവണയാണ് ഓസ്ട്രിയ യൂറോ കപ്പിന് ഇറങ്ങുന്നത്. എതിരാളികൾക്ക് വെല്ലുവിളി ഉയർത്തി ആദ്യ കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യം.
ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ- ജർമ്മനി, സ്‌കോട്ട്‌ലൻഡ്, ഹംഗറി,സ്വിറ്റ്‌സർലൻഡ്
ഗ്രൂപ്പ് ബി- സ്‌പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അർബേനിയ
ഗ്രൂപ്പ് സി-സ്ലോവേനിയ, ഡെൻമാർക്ക്, സെർബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി-പോളണ്ട്, നെതർലൻഡ്‌സ്, ഓസ്ട്രിയ, ഫ്രാൻസ്
ഗ്രൂപ്പ് ഇ-ബെൽജിയം, സ്ലോവേക്യ, റുമാനിയ, യുക്രെയ്ൻ
ഗ്രൂപ്പ് എഫ്-തുർക്കി, ജോർജിയ, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്















