ശ്രീനഗർ: കശ്മീരിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുരക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയത്. സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനും വരാനിരിക്കുന്ന അമർനാഥ് തീർത്ഥാടന യാത്രയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനും വേണ്ടി വിപുലമായ യോഗം നടത്താൻ അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കേന്ദ്രമന്ത്രിയുടെ നിർദേശ പ്രകാരം ഈ മാസം 16-ന് നോർത്ത് ബ്ലോക്കിലാണ് യോഗം നടക്കുന്നത്. ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, മുതിർന്ന സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
റിയാസി, കത്വ, ദോഡ എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മനോജ് സിൻഹ, അജിത് ഡോവൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.















