റോം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹസ്തദാനം നൽകി ആലിംഗനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കണ്ടുമുട്ടിയത്. സന്ദർശനത്തിനിടെ ഇരുവരും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും വിശേഷങ്ങൾ പങ്കുവക്കുകയും ചെയ്തു.
പ്രധാനമന്ത്രിയോടൊപ്പം വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയെ കുറിച്ചുള്ള ലോക നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പയും പങ്കെടുക്കും. എഐ സാങ്കേതികവിദ്യയിലൂടെ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കാനും ആശങ്കകൾ പങ്കുവക്കാനുമാണ് മാർപാപ്പ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്നാണ് വിവരം.
ജി-7 ഉച്ചകോടിക്കിടെ പാർപാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യവും പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദർശനത്തിനുണ്ടെന്നാണ് വിവരം.
Leave a Comment