ചെന്നൈ : തെലുങ്കാന മുൻ ഗവർണറും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ചെന്നൈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്ച്ച നടത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ചെന്നൈ സാലിഗ്രാമത്തിലുള്ള വസതിയിലെത്തിയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ തമിഴിസൈ സൗന്ദരരാജനെ അണ്ണാമലൈ കണ്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന പ്രചാരണം ഡിഎംകെ കേന്ദ്രങ്ങളും മറ്റും ഉയർത്തുന്നതിനിടെയാണ് കൂടിക്കാഴ്ച. ഏറെ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം അണ്ണാമലൈ എക്‌സിലൂടെ പ്രതികരിച്ചു. തമിഴിസൈയുടെ രാഷ്‌ട്രീയ പ്രവർത്തന പരിചയവും നിർദ്ദേശങ്ങളും തമിഴ്‌നാട്ടിൽ ബിജെപിയുടെ മുന്നോട്ടുളള യാത്രയ്‌ക്ക് പ്രചോദനമാണെന്നും അണ്ണാമലൈ കുറിച്ചു.
இன்றைய தினம், மூத்த பாஜக தலைவர்களில் ஒருவரும், @BJP4Tamilnadu மாநிலத் தலைவராகத் திறம்படச் செயல்பட்டவருமான, அக்கா திருமதி @DrTamilisai4BJP அவர்கள் இல்லத்திற்குச் சென்று நேரில் சந்தித்ததில் பெருமகிழ்ச்சி.
தமிழகத்தில் தாமரை நிச்சயம் மலரும் என்பதை உறுதியுடன் கூறி, அதற்காகக் கடினமாக… pic.twitter.com/q22Iz7mYlv
— K.Annamalai (@annamalai_k) June 14, 2024
ലോക് സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് തമിഴിസൈയും അണ്ണാമലൈയും തമ്മിൽ ഭിന്നതയിലാണെന്ന തരത്തിൽ തമിഴ്‌നാട്ടിൽ വ്യാപക പ്രചാരണമാണ് നടന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴിസൈ സൗന്ദരരാജനുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ഒരു ഭാഗവും ഇതിനോട് ചേർത്തുവെച്ച് പ്രചരിപ്പിച്ചിരുന്നു. എന്നാൽ അമിത് ഷാ ശാസിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുളള സ്ഥിതിയാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും മണ്ഡലം കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും തമിഴിസൈ പിന്നീട് വിശദീകരിച്ചിരുന്നു.
തമിഴ്‌നാട് ബിജെപിയുടെ മുൻ അധ്യക്ഷ കൂടിയാണ് തമിഴിസൈ സൗന്ദരരാജൻ. തമിഴ്‌നാട്ടിൽ സഖ്യമുണ്ടാക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതിനെച്ചൊല്ലി ഇരുവരും ഭിന്നതയിലാണെന്ന് ആയിരുന്നു വാർത്തകൾ പ്രചരിച്ചത്.















