MDH,EVEREST ബ്രാൻഡുകളുടെ കറിമസാലകൾ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി രാജസ്ഥാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധനകൾക്ക് ശേഷമാണ് നിർദ്ദേശം നൽകിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യക്ക് രാജസ്ഥാൻ ആരോഗ്യ വകുപ്പ് ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. MDH,EVEREST എന്നീ ബ്രാൻഡുകളുടെ ചില ബാച്ചുകൾ പരിശോധിച്ചപ്പോഴാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.
ഇവ നിർമ്മിച്ചവർക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് ഗുജറാത്ത്,ഹരിയാന എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് സെക്രട്ടറി നിർദ്ദേശം നൽകി. നേരത്തെ രാജസ്ഥാനിൽ 12,000 കിലോയുടെ വിവിധ കമ്പനിയുടെ കറി മസാലകൾ പിടികൂടിയിരുന്നു. കീടനാശിനികൾ കലർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ ഉത്പ്പന്നങ്ങൾ സുരക്ഷിതമാണെന്ന് ഇരു കമ്പനികളും മറുപടി നൽകി.
കാൻസറിന് കാരണമാകുന്ന എഥലീൻ ഒക്സൈഡ് ഉയർന്ന അളവിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ ഹോങ്കോംഗ് MDH,EVEREST ബ്രാൻഡുകളുടെ ചില കറിമസാലകളുടെ വിൽപ്പന നിരോധിച്ചിരുന്നു. സിങ്കപ്പൂർ EVEREST മിക്സിന്റെ വലിയ ഓർഡറുകൾ വേണ്ടെന്ന് വച്ചിരുന്നു.