ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനും തമ്മിലുണ്ടായത് സൗഹൃദ സംഭാഷണമായിരുന്നുവെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. വേദിയിലെ അവരുടെ സംസാരം ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും അണ്ണാമലൈ പറഞ്ഞു. തമിഴിസൈ സൗന്ദരരാജനെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും എല്ലാവ Amit Shahരും പാർട്ടി കാര്യകർത്താക്കളാണ്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോയിലുള്ളത് അവരുടെ ഒരു സൗഹൃദ സംഭാഷണം മാത്രമാണ്. നമ്മുടെ പാർട്ടിയിലെ മുതിർന്ന നേതാവാണ് അമിത് ഷാ. അതുപോലെ തന്നെയാണ് തമിഴിസൈ സൗന്ദരരാജനും. അവരുടെ സൗമ്യമായ സംഭാഷണത്തെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു’.
‘തമിഴ്നാട്ടിലെയും ബിജെപിയുടെയും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് തമിഴിസൈ സൗന്ദരരാജൻ. എല്ലാവരും ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. ഇന്ന് ഞാൻ തമിഴിസൈ സൗന്ദരാജനെ സന്ദർശിച്ചു. സൗഹൃദ സംഭാഷണം മാത്രമായിരുന്നു അതെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. അഞ്ച് വർഷമായി പാർട്ടി അദ്ധ്യക്ഷയായിരുന്നു തമിഴിസൈ. ഇനിയും പാർട്ടിയ്‌ക്ക് വേണ്ടിയുള്ള അവരുടെ കഠിനാധ്വാനം തുടരും’ അണ്ണാമലൈ പറഞ്ഞു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിൽ ഇരുവരും സംസാരിച്ചതാണ് വ്യാജ പ്രചാരണങ്ങൾക്ക് വഴിവച്ചത്. അമിത് ഷാ തമിഴിസൈയെ ശകാരിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പുറത്തുവന്നത്. പിന്നാലെ അണ്ണാമലൈയും തമിഴിസൈയും പാർട്ടിക്കുളളിൽ പോരടിക്കുന്നുവെന്ന തരത്തിലും പ്രചാരണം നടന്നു. ഇതിനിടെയാണ് അണ്ണാമലൈ തമിഴിസൈയുടെ വസതിയിലെത്തി സന്ദർശിച്ചത്.















