റോം: സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ യുഗമാണ്. അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോകുന്നതിനും സമൂഹത്തിൽ അടിത്തറ പാകുന്നതിനും സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമാക്കുന്നതിൽ സാങ്കേതികവിദ്യ വഹിച്ച പങ്കിനെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയുടെ ശക്തിയാണ് ചന്ദ്രനിലേക്ക് വരെ എത്തിച്ചേരാനുള്ള ധൈര്യം നൽകിയത്. അതേസമയം, സൈബർ വെല്ലുവിളികളും ഇത് നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജി7 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തകാവകാശമാക്കി വച്ചിരിക്കുന്ന സാങ്കേതികവിദ്യയെ സമഗ്രമാക്കി നാം മാറ്റണം. വിനാശകരമാകാത്ത വിധത്തിൽ ക്രിയാത്മകമായി സാങ്കേതികവിദ്യയെ കൈകാര്യം ചെയ്യണം. എന്നാൽ മാത്രമേ സമൂഹത്തിന്റെ അടിത്തറ ശക്തിപ്പെടുകയുള്ളൂവെന്നും അദ്ദേഹം ആവർത്തിച്ചു. നിർമിത ബുദ്ധിയെ സുതാര്യമായി കൈകാര്യം ചെയ്യുന്നതിൽ എല്ലാ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നാമതും അധികാരമേറ്റതിന് പിന്നാലെ നടത്തിയ ആദ്യ വിദേശ പര്യടനത്തിൽ ,ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി , ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇറ്റാലിയൻ പ്രധാനമന്ത്രിജോർജിയ മെലോണി എന്നിവരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. മാർപാപ്പയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.