വാരാണസി : പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദർശനത്തിന് നരേന്ദ്രമോദി വാരാണസിയിൽ എത്താനിരിക്കെ ഒരുക്കങ്ങൾ വിലയിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ദിവസം യോഗി ആദിത്യനാഥ് വാരാണസിയിൽ തുടരും. ഇന്നലെ വൈകുന്നേരത്തോടെയാണ് അദ്ദേഹം ഇവിടെ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ അദ്ദേഹം പരിശോധിക്കും.
ഈ മാസം 18നാണ് പ്രധാനമന്ത്രി വാരാണസിയിൽ എത്തുന്നത്. മെഹന്ദിഗഞ്ചിൽ നടക്കുന്ന പൊതുയോഗത്തിലും കിസാൻ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. ഇവിടെ ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുക്കും. മെഹന്ദിഗഞ്ചിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദി പരിശോധിച്ച ശേഷം യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ കൈമാറി.
വാരാണസിയിലും പരിസര പ്രദേശങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന വിവിധ വികസന പദ്ധതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി. പദ്ധതികൾ കാലതാമസമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രധാനമന്ത്രിയുടെ സുരക്ഷ, പാർക്കിംഗ്, പൊതു ഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം യോഗത്തിൽ ചർച്ച ചെയ്തതായും അധികൃതർ വ്യക്തമാക്കി.















