ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് ശബ്ദസന്ദേശത്തിലൂടെയാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്. ഭീഷണിയെത്തുടർന്ന് അയോദ്ധ്യയിലും വാത്മീകി വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.
തങ്ങളുടെ മസ്ജിദ് തകർത്ത് ക്ഷേത്രം പണിതു. ഇനി അത് ബോംബിട്ട് തകർക്കുമെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. 2005 മുതൽ രാമജന്മഭൂമിക്ക് നേരെ ഭീഷണി ഉയർത്തുന്ന ഭീകരസംഘടനയാണ് ജെയ്ഷ്-ഇ-മുഹമ്മദ്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുമ്പും ക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി ഉയർന്നിരുന്നു.
ഭീകരവാദ സാഹചര്യങ്ങളെ നേരിടാനുള്ള നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ( എൻഎസ്ജി) യൂണിറ്റ് അയോദ്ധ്യയിൽ ആരംഭിക്കാനിരിക്കെയാണ് ഭീഷണി. പഠാൻ കോട്ട് സൈനിക ക്യാമ്പിന് അടുത്തും കേരളത്തിലും എൻഎസ്ജി യൂണിറ്റുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.