എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ നടനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. നടനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു. നേരത്തെ സഹ നിർമ്മാതാക്കളിലൊരാളായ ഷോൺ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണ ഇടപാടില്‍ ജൂൺ 11നാണ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തിൽ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. 5 കോടി 95 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയാണ് പരാതിക്കാരനായ സിറാജ് നൽകിയത്.
സിറാജിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്കിടപാടിന്റെ രേഖകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറവ ഫിലിംസിന്റെയും സഹ നിർമ്മാതാവായ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ട് കോടതി മരവിപ്പിച്ചിരുന്നു.