ജി 7 ഉച്ചകോടിക്കിടെ ലോക നേതാക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിലാണ് ഉച്ചകോടി നടന്നത്. രണ്ടാം ദിവസമായ വെള്ളിയാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ,, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിവൊളോഡിമിർ സെലൻസ്കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. ലോകനേതാക്കളുമായി വ്യക്തിപരമായ സൗഹൃദം കൂടി മോദി കാത്തുസൂക്ഷിക്കുന്നുണ്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലനിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. ഇത് അഞ്ചാം തവണയാണ് മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മൂന്നാം തവണ അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം കൂടിയാണിത്. ജി 7 ഉച്ചകോടി പങ്കെടുത്ത് പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് തിരിച്ചെത്തി. മോദി കണ്ടുമുട്ടിയ നേതാക്കൾ ഇതാ….
ഇമ്മാനുവൽ മാക്രോൺ
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി നടന്ന കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വർഷത്തിനിടെ നാലാമത്തെ തവണയാണ് ഇരുവരും നടത്തുന്നത്. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിർമിത ബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയ വിഷയങ്ങളും യുവാക്കളിലെ ഗവേഷണവും കണ്ടുപിടുത്തവും പ്രോത്സാഹിപ്പിക്കുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പാരീസ് ഒളിംപിക്സിന് ആശംസ അറിയിച്ചുവെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ ഔദ്യോഗിക ഉഭയകക്ഷി കൂടിക്കാഴ്ചയാണിത്.
ഋഷി സുനക്

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായും മോദി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻഡിഎ സർക്കാരിൽ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു. സെമികണ്ടക്ടർ, സാങ്കേതികവിദ്യ, വ്യാപാര മേഖലകളില്‍ സഹകരണം കൂടുതൽ ശക്തമാക്കും. പ്രതിരോധ രംഗത്തും കൂടുതല്‍ സഹകരിക്കുന്നതില്‍ ചർച്ച ഉണ്ടായെന്നും മോദി കൂട്ടിച്ചേർത്തു.
ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലപ്രദമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ജോർജിയ മെലോണി

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലനിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. കൂടിക്കാഴ്ചയിൽ പ്രതിരോധം, ആഗോള സുരക്ഷാ , പ്രതിരോധ വ്യവസായ സഹകരണം എന്ന ചർച്ചയായി. പ്രതിരോധ വ്യവസായ മേഖലയിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ധാരണയായതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
ഫ്രാൻസിസ് മാർപാപ്പ

ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ആലിംഗനം ചെയ്തു. കൂടാതെ മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. ജനങ്ങളെ സേവിക്കാനുള്ള പോപ്പിന്റെ പ്രതിബദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജോ ബൈഡൻ

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സിഖ് വിഘടനനേതാവ് ഗുര്‍പ്ത്വന്ത് സിങ് പന്നൂണിന്റെ കൊലപാതകത്തിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ചുള്ള വാഷിങ്ടണ്‍ പരാമര്‍ശത്തിനു ശേഷം നടക്കുന്ന കൂടിക്കാഴ്ചയാണ് ഇത്. ആഗോള നന്മയ്‌ക്കായി ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ബൈഡനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി എക്‌സില്‍ കുറിച്ചു.
വൊളോഡിമിർ സെലൻസ്കി

റഷ്യ–യുക്രെയ്ൻ വിഷയത്തിൽ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കുമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം മോദി എക്സിൽ കുറിച്ചു.
ജസ്റ്റിൻ ട്രൂഡോ

ഖലിസ്ഥാനി ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള നരേന്ദ്രമോദിയുടെ ചര്‍ച്ച പ്രധാന്യമര്‍ഹിക്കുന്നു
ജപ്പാന്റെ ഫ്യൂമിയോ കിഷിദ

ജി 7 ന്റെ ഭാഗമായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചർച്ച നടത്തി.
സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി. പ്രതിരോധം, സാങ്കേതികവിദ്യ, സെമികണ്ടക്ടർ, ഊർജ്ജം, ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജർമ്മനിയുടെ ഒലാഫ് ഷോൾസ്

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി മോദി കൂടിക്കാഴ്ച നടത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ആഗോള വളർച്ചയും ചർച്ചയായി. ചാൻസലർ ഷോൾസുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന്, മോദി എക്സിൽ കുറിച്ചു.
യുഎൻ മേധാവി ഗുട്ടെറസും ജോർദാൻ രാജാവ് അബ്ദുള്ളയും
ഉച്ചകോടിക്കിടെ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.
ബ്രസീൽ, തുർക്കി, യുഎഇ പ്രസിഡൻ്റുമാർ
ബ്രസീലിന്റെ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, തുർക്കിയുടെ റജബ് ത്വയ്യിബ് എർദോഗൻ, യുഎഇയുടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തി















