റോം: ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗിന്റെ കൊലപാതകത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന വേളയിലാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇതിനെ ഇന്ത്യ പൂർണമായും നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
അപുലിയയില്‍ നടന്ന ജി 7 ഉച്ചകോടിയ്‌ക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി, അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത ആദ്യ ജി7 ഉച്ചകോടി കൂടിയാണിത്. ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ജനങ്ങളെ സേവിക്കാനുള്ള മാർപാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മാർപാപ്പയെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും നരേന്ദ്രമോദി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.