ന്യൂഡൽഹി: കെജ്‌രിവാളിന് പിന്നാലെ വെട്ടിലായി ഭാര്യ സുനിതാ കെജ്‌രിവാൾ. കോടതി നിബന്ധനകൾ ലംഘിച്ചതിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകി. കെജ് രിവാളുമായി ബന്ധപ്പെട്ട കേസിൽ കോടതി നടപടികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിനാണ് നോട്ടീസ്. വീഡിയോ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
സുനിതയ്‌ക്ക് പുറമേ വീഡിയോ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കെജ്‌രിവാളിനെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. ഏകദേശം ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇൻ്റർനെറ്റിൽ പ്രചരിച്ചത്.
സുനിത ഉൾപ്പടെ അഞ്ച് വ്യക്തികളോടാണ് പോസ്റ്റ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. പോസ്റ്റ് റീപോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് ജൂലൈ ഒൻപതിന് വീണ്ടും പരിഗണിക്കും.
നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽക്കാൻ ഇത് കാരണമായെന്നും പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും കാരണമായെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെയും കേന്ദ്രത്തിന്റെയും സമ്മർദ്ദത്തിലാണ് നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് വീഡിയോ ദൃശ്യങ്ങൾ കാരണമായെന്നും അപകീർത്തിപ്പെടുത്തിയ സാഹചര്യത്തെ ഗുരുതരമായി കാണുന്നുവെന്നും കോടതി വ്യക്തമാക്കി.















